Drisya TV | Malayalam News

എഥനോള്‍ വിവാദത്തില്‍ എണ്ണക്കമ്പനികൾക്കെതിരെയുള്ള നടപടി കടുപ്പിച്ച് കർണാടക സർക്കാർ

 Web Desk    28 Nov 2026

എഥനോള്‍ വിവാദത്തില്‍ എണ്ണക്കമ്പനികൾക്കെതിരെയുള്ള നടപടി കടുപ്പിച്ച് കർണാടക സർക്കാർ. ബംഗളൂരുവിലെ ഇന്ധന മിശ്രണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ എഥനോളിന്റെയും പെട്രോളിന്റെയും അളവിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (ഐ.ഒ.സി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ബംഗളൂരുവിലെ ദേവനഗൊന്തിയിലുള്ള ഐ.ഒ.സിയുടെ ടെർമിനലിലായിരുന്നു പരിശോധന. 'മാസ്റ്റർ പ്രൂവിങ്' രീതി ഉപയോഗിച്ചാണ് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തിയത്. വിതരണത്തിനുള്ള ഇ20 (E20) പെട്രോളിൽ നിശ്ചിത 20 ശതമാനത്തിലും കൂടുതൽ എഥനോൾ കലർത്തുന്നതായി പരിശോധനയിൽ വ്യക്തമായി. ഓരോ 3,000 ലിറ്റർ പെട്രോളിൽ 14 ലിറ്റർ അധിക എഥനോൾ കലർത്തിയതായാണ് കണ്ടെത്തൽ. എഥനോൾ മിശ്രണത്തിൽ മാത്രമല്ല, വിതരണം ചെയ്യുന്ന പെട്രോളിന്റെ അളവിൽ കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ ടെർമിനലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർക്ക് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു.

ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നിർദേശം. മീറ്ററുകളുടെ കാലിബ്രേഷൻ, അറ്റകുറ്റപ്പണി രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യത ഉറപ്പുവരുത്തുന്നതുവരെ തകരാർ കണ്ടെത്തിയ അളവെടുപ്പ് സംവിധാനങ്ങൾ വാണിജ്യ ഇടപാടുകൾക്ക് ഉപയോഗിക്കരുതെന്നും വകുപ്പ് വിലക്കിയിട്ടുണ്ട്. എഥനോൾ കലർത്തുന്നതുമായുള്ള തർക്കം തുടരുന്നതിനിടെ മിശ്രണ കേന്ദ്രത്തിൽ തന്നെ ക്രമക്കേട് പിടികൂടിയത് എണ്ണക്കമ്പനികളെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേസമയം, കേരളത്തിൽ ഇന്ധന സാമ്പിളുകളുടെ പരിശോധനക്കായി ശുദ്ധമായ പെട്രോള്‍ നല്‍ണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മൂന്നാമതും എണ്ണ കമ്പനികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എണ്ണ കമ്പനികൾ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ഈ നടപടി. എഥനോൾ അളവ് പരിശോധിക്കാൻ നവംബർ ഒമ്പതിന് സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ താരതമ്യ പഠനത്തിനായാണ് കേരളം എണ്ണക്കമ്പനികളോട് ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ടത്. എന്നാൽ, കമ്പനികൾ ഇതുവരെ എണ്ണ നൽകാൻ തയ്യാറായിട്ടില്ല.

ശേഖരിച്ച സാമ്പിളുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിക്കണമെന്നാണ് ചട്ടം. അതിനാൽ ഡിസംബർ ആദ്യ ആഴ്ച്ച വരെ കമ്പനികളുടെ മറുപടിക്കായി കാത്തിരുന്ന ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. 'സിലിണ്ടറിക്കൽ മെത്തേഡ്' എന്ന പരമ്പരാഗത രീതി ഉപയോഗിച്ചാണ് കേരളത്തിൽ എഥനോൾ അളവ് പരിശോധിക്കുന്നത്. പരിശോധനയിൽ എഥനോളിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ശുദ്ധമായ പെട്രോൾ ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുന്നതും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്.

  • Share This Article
Drisya TV | Malayalam News