Drisya TV | Malayalam News

തിരുപ്പതിയിൽ 160 കോടി രൂപ വിലമതിക്കുന്ന 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ വ്യവസായി

 Web Desk    27 Nov 2026

തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമിക്ക് 160 കോടി രൂപ വിലമതിക്കുന്ന 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വർധമാൻ ജെയിൻ. വ്യാഴാഴ്‌ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ക്ഷേത്രത്തിലേക്ക് ആഭരണങ്ങൾ ഔദ്യോഗികമായി കൈമാറിയത്.121 കിലോ സ്വർണം വഴിപാടായി നൽകിയ ഭക്തൻ ആരെന്ന ആകാംക്ഷകൾക്കും ഇതോടെ വിരാമമായി. ഭഗവാന് ശിരസ്സ് മുതൽ പാദം വരെ അണിയിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത 45 തരം ആഭരണങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.ഇതിൽ കിരീടം, തോൾവളകൾ, അരപ്പട്ട, ഭഗവാന്റെ പാദങ്ങളിൽ അണിയിക്കുന്ന 'പത്മപാദങ്ങൾ' എന്നിവ ഉൾപ്പെടുന്നു.

നിത്യപൂജകൾക്കും വിശേഷാലങ്കാരങ്ങൾക്കുമായി ഈ ആഭരണങ്ങൾ ഉപയോഗിക്കും. ഒരു ഭക്തന്റെ അസാധാരണമായ സമർപ്പണമാണിതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) എക്സിലൂടെ അറിയിച്ചു.ആഗോള വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വർധമാൻ ജെയിൻ, ചെന്നൈ ആസ്ഥാനമായുള്ള 'ആക്സസ് ഹെൽത്ത്കെയർ' സ്ഥാപകനും വൈസ് ചെയർമാനുമാണ്. കൂടാതെ ഏഷ്യ (ചെന്നൈ) എൻജിനീയറിംഗ് കമ്പനിയുടെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

2025-ൽ കമ്പനിയുടെ 70 ശതമാനം ഓഹരികൾ ഏകദേശം രണ്ട് ബില്യൺ ഡോളറിന് ഒരു അമേരിക്കൻ കമ്പനിക്ക് വിറ്റഴിച്ചതോടെ അദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു. ഈ ഇടപാടിന് പിന്നാലെയാണ് തിരുമല ഭഗവാന് വൻതുകയുടെ സ്വർണാഭരണങ്ങൾ സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

  • Share This Article
Drisya TV | Malayalam News