ഫ്‌ളിപ്കാർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) കല്യാൺ കൃഷ്ണമൂർത്തി 11 വർഷത്തിലധികം നീണ്ട സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്നു. പുതിയ സി.ഇ.ഒ.യെ പ്രഖ്യാപിക്കുന്നത് വരെ, നിലവിലെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്‌നോളജി ഓഫീസറായ (സി.പി.ടി.ഒ.) ബാലാജി ത്യാഗരാജനാകും ചുമതല.2013-ലാണ് കല്യാൺ കൃഷ്ണമൂർത്തി ഫ്‌ളിപ്കാർട്ടിൽ ചേരുന്നത്. തുടർന്ന് 2017 ജനുവരിയിൽ സി.ഇ.ഒ. ആയും 2018-ൽ ഗ്രൂപ്പ് സി.ഇ.ഒ. ആയും അദ്ദേഹം ചുമതലയേറ്റു. വാൾമാർട്ട് 16 ബില്യൺ ഡോളറിന് ഫ്‌ളിപ്കാർട്ടിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്ത നിർണായക ഘട്ടത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
ഈ കാലയളവിൽ കമ്പനിയുടെ ബിസിനസ് അഞ്ചിരട്ടിയിലധികം വളർച്ച കൈവരിച്ചു. ഇ-കൊമേഴ്‌സ് വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നതോടൊപ്പം ഫാഷൻ, ട്രാവൽ, ഫിൻടെക് തുടങ്ങിയ പുതിയ മേഖലകളിലേക്കും ബിസിനസ് വിപുലീകരിച്ചു. കമ്പനിയുടെ വാർഷിക വിപണന മേളയായ 'ബിഗ് ബില്യൺ ഡെയ്‌സ്' ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ആഘോഷങ്ങളിൽ ഒന്നായി മാറി.