മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ്ടു വിദ്യാർഥിനിക്ക് മോശം സന്ദേശങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണയിൽ നരേന്ദ്ര കുശ്വാഹ എന്നയാളാണ് അറസ്റ്റിലായത്. തനിക്കൊപ്പം പുറത്തേക്കു വരാനും തന്നെ നന്നായി ശുശ്രൂഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് അധ്യാപകൻ അയച്ചിട്ടുള്ളത്.
ശിശുദിനത്തിലാണ് അധ്യാപകൻ സന്ദേശങ്ങൾ അയച്ചുതുടങ്ങിയതെന്ന് വിദ്യാർഥി ജില്ലാ കലക്ടർക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സ്കൂൾ പ്രിൻസിപ്പലിനും നൽകിയ പരാതിയിൽ പറയുന്നു. സാധാരണ രീതിയിൽ തുടങ്ങിയ സംഭാഷണത്തിനു പിന്നാലെ ഇയാൾ മോശം മെസേജുകൾ അയയ്ക്കാൻ തുടങ്ങി. നവംബർ 18 മുതൽ 20 വരെ തുടർച്ചയായി ഇയാൾ അനാവശ്യ സന്ദേശങ്ങൾ അയച്ചതായി പരാതിയിൽ കുട്ടി പറയുന്നു.
തന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാനും അധ്യാപകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ‘നീ 5 മണിക്ക് ഫ്രീയാണോ ? പുറത്തുപോകാം. 8 മണിക്ക് തിരിച്ചുകൊണ്ടാക്കാം’ എന്നാണ് ഒരു മെസേജ്. നീ വ്യത്യസ്തയാണ്, നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കണം തുടങ്ങിയ സന്ദേശങ്ങളും ഇയാൾ കുട്ടിക്ക് അയച്ചിട്ടുണ്ട്. പകരം എന്തും ആവശ്യപ്പെടാമെന്നും ഇയാൾ കുട്ടിയോടു പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ അയയ്ക്കരുതെന്ന് കുട്ടി പറഞ്ഞതോടെ മാർക്ക് കുറയ്ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.സ്കൂളിലെ കംപ്യൂട്ടർ ലാബിൽ അധ്യാപകൻ കർട്ടൻ ഇട്ടു മറച്ച് രഹസ്യ മുറി സജ്ജമാക്കിയിട്ടുണ്ടെന്നും ഇവിടേക്ക് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാറുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മറ്റു കുട്ടികളോടും ഇയാൾ മോശമായി സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.