Drisya TV | Malayalam News

തിരുപ്പറംകുൺട്രത്ത് ദീപം തെളിയിക്കാഞ്ഞതിൽ സുപ്രീംകോടതിയോട് മാപ്പു പറഞ്ഞ് തമിഴ്നാട്

 Web Desk    25 Nov 2026

മധുരയിലെ തിരുപ്പറംകുൺട്രം മലയിലെ തർക്കത്തിലുള്ള ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കാത്തത് ക്ഷേത്ര ബോർഡ് വിസമ്മതിച്ചതിനാലെന്ന് തമിഴ്നാട് സർക്കാർ. തിരുപ്പറംകുൺട്രം ക്ഷേത്രം ട്രസ്റ്റികളുടെ ബോർഡ് ദീപം തെളിയിക്കാനായി ആളുകളെ അയയ്ക്കാൻ വിസമ്മതിച്ചതിനാലാണ് ദീപം തെളിയിക്കാനാകാത്തതെന്ന് മധുര ജില്ലാ ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. പകരം തിരുപ്പറംകുൺട്രത്തിനു സമീപം, പതിവായി കാർത്തികദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപസ്തംഭത്തിൽ ദീപം തെളിയിക്കുകയാണ് ചെയ്തത്. കുന്നിൻമുകളിലെ ദീപത്തൂണിൽ ഒറ്റത്തവണ വിളക്കു കൊളുത്താൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നെങ്കിലും വിളക്ക് കൊളുത്തിയിരുന്നില്ല. 

നവംബർ 24ന് ദീപത്തൂണിൽ കാർത്തിക ദീപം കൊളുത്താൻ കഴിയാത്തതിൽ നിരുപാധികം മാപ്പു പറഞ്ഞുകൊണ്ടാണ് മധുര ജില്ലാ കലക്ടർ നിഷാന്ത് കൃഷ്ണ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. കോടതി ഉത്തരവ് മനഃപൂർലം ലംഘിച്ചതല്ലെന്നും ക്ഷേത്ര ട്രസ്റ്റികൾ അനുവാദം നിഷേധിച്ചതിനാൽ റവന്യു ഉദ്യോഗസ്ഥർക്കോ പൊലീസിനോ കുന്നിൻമുകളിൽ പ്രവേശിക്കാൻ നിയമപരമായി അനുമതിയുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവസ്ഥാനം നിയോഗിക്കുന്ന ആളുകളാണ് ദീപം തെളിയിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നു.തിരുപ്പറംകുൺട്രം മലയിലെ രണ്ട് പ്രധാന ആരാധനാലയങ്ങളായ സുബ്രഹ്മണ്യ ക്ഷേത്രവും ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗയും തമ്മിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കുന്നതും തർക്കവിഷയമായത്.

  • Share This Article
Drisya TV | Malayalam News