Drisya TV | Malayalam News

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും

 Web Desk    25 Nov 2026

ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്‍റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് മുമ്പ് ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തിയിരുന്നു.

അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജി നൽകിയത്. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്ന് കോടതി ചോദിച്ചു.

ഈ വർഷം താനടക്കം 15 പേർക്ക് പ്രവേശനം നിഷേധിച്ചതായി ട്രാൻസ്ജെൻഡറായ അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെയാണ് നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിപരമായി ബാധിച്ചുവെന്ന വാദത്തോടെ പൊതുതാൽപര്യ ഹർജിയല്ലാതാകുമെന്നും പറഞ്ഞു.

  • Share This Article
Drisya TV | Malayalam News