ഡൽഹിയിലെ ഒരു കഫേയിൽവെച്ച് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള ഒരു കഫേയിൽ വെച്ച് തിങ്കളാഴ്ച രാത്രിയാണ് 22-കാരി അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ, യുവതിയുടെ കൂടെ ജോലിചെയ്യുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒളിവിൽ കഴിയുന്ന മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ജോലി ചെയ്യുന്ന അതേ കഫേയിൽ തന്നെയാണ് അതിജീവിതയും ജോലി ചെയ്തുവന്നത്. പോലീസ് പറയുന്നത് പ്രകാരം; തിങ്കളാഴ്ച രാത്രി പ്രീത് വിഹാറിലെ സൽത്താനത്ത് കഫേയിൽ (Saltanate Cafe) സഹപ്രവർത്തകർക്കൊപ്പം നടന്ന പാർട്ടിയിൽ അതിജീവിതയും പങ്കെടുത്തിരുന്നു.
കൂട്ടത്തിൽ ഒരാളുടെ പക്കൽ ഈ കഫേയുടെ താക്കോൽ ഉണ്ടായിരുന്നതിനാൽ രാത്രി 11:30-ന് കഫേ അടച്ച ശേഷവും സംഘം ഇവിടെ തുടരുകയായിരുന്നു. പുലരുംവരെ മദ്യപാനവും നൃത്തവും തുടർന്ന സംഘം ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് കഫേയിൽനിന്ന് മടങ്ങിയത്. അടുത്തദിവസമാണ് അതിജീവിത പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി മുന്നോട്ടുവന്നത്.പാർട്ടിക്കിടെ രണ്ട് പുരുഷന്മാർ ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇതിന് ഒത്താശ ചെയ്‌തുവെന്നുമാണ് അതിജീവിത ആരോപിക്കുന്നത്.നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി പ്രതികളെ പിടികൂടാനായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.