സംസ്ഥാനത്തെ എസ്എസ്എൽസി,ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ ഒമ്പത് മുപ്പതിനായിരിക്കും ആരംഭിക്കുക. ഫല പ്രഖ്യാപനം മേയ് ആദ്യവാരം നടക്കും.
വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനാണ് തീയതികൾ പ്രഖ്യാപിച്ചത്. ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളുൾപ്പെടെ 3049 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം ഒമ്പത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും.എസ്എസ്എൽസി പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. ഇത്തവണ മുതൽ യൂണിഫൈഡ് എക്‌സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം (യു.ഇ.എം.എസ്.) എന്ന പുതിയ സോഫ്റ്റ്വെയർ മുഖേനയായിരിക്കും പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ നടക്കുക. വിശദമായ പരീക്ഷാ ടൈംടേബിൾ പരീക്ഷാ കമ്മീഷണർ പിന്നീട് പുറപ്പെടുവിക്കും.