ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന് ജാമ്യമനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടിസ് അയച്ച് ഹൈക്കോടതി. ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ജയബാലകൃഷ്ണന്റെ മകൾ ആർ.ജെ.ഭദ്രകീർത്തി, ആർ.ജെ.ഭരത് ശങ്കർ എന്നിവർ നൽകിയ റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ ഇന്ന് നോട്ടിസ് അയച്ചത്. സർക്കാരിനും പതിനേഴുകാരനുമാണ് നോട്ടിസ്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
2026 ഒക്ടോബർ 25ന് പുലർച്ചെ 2.20ന് ആയിരുന്നു നാടിനെ ഞെട്ടിച്ച അപകടം. പ്രതിയായ പതിനേഴുകാരൻ മഴയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം വേഗത്തിൽ കാർ ഓടിക്കുകയും, ഒരു കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് മറ്റേ കൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്റർ ദൃശ്യങ്ങൾ പകർത്തിയെന്നും റിവിഷൻ ഹർജിയിൽ പറയുന്നു. ഈ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണം. കേസിൽ നരഹത്യ കുറ്റത്തിനുള്ള ബിഎൻഎസ് 105–ാം വകുപ്പ് അടക്കം ചുമത്തിയിരുന്നു. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ ജുവനൈൽ ജസ്റ്റിസ് ബോർഡും പിന്നീട് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കുള്ള കേസുകൾ പരിഗണിക്കുന്ന അഡിഷനൽ സെഷൻസ് കോടതിയും പ്രതിക്ക് ജാമ്യം അനുവദിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ജുവനൈൽ ജസ്റ്റിസ് ആക്ട് 2015ലെ സെക്‌ഷൻ 12 പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഈ ജാമ്യ ഉത്തരവെന്നും ഇത് നീതിയുടെ നിഷേധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ജാമ്യം നൽകിയ എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 12–ാം വകുപ്പ് പ്രകാരം ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു അഡിഷനൽ സെഷൻസ് കോടതി നേരത്തെ പൊലീസും കുടുംബവും നൽകിയ ഹർജികൾ തള്ളിയത്. പതിനേഴുകാരന്റെ പിതാവ് സർവീസിലുള്ള ഒരു ജുഡീഷ്യൽ ഓഫിസറാണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.