ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ ഉപഭോക്താക്കൾക്കായി ദൂരപരിധികൾ മറികടന്ന് 40 കിലോമീറ്റർ അകലെയുള്ള റെസ്റ്റോറന്റുകളിൽ നിന്നുപോലും ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുന്ന 'ലിമിറ്റ്‌ലെസ് ഡെലിവറി' സേവനം അവതരിപ്പിച്ചു. നിലവിൽ ഉപഭോക്താവിന്റെ ലൊക്കേഷന് സമീപമുള്ള റെസ്റ്റോറന്റുകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന സ്ഥാനത്താണ് പുതിയ മാറ്റം.
ദൂരെയുള്ള പ്രിയപ്പെട്ട ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം വരുത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതോടൊപ്പം റെസ്റ്റോറന്റുകൾക്ക് പുതിയ നഗരപ്രദേശങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാനും ഈ ഫീച്ചർ അവസരമൊരുക്കും. തുടക്കത്തിൽ ബെംഗളൂരു, ഡൽഹി-എൻ.സി.ആർ, ചെന്നൈ, മുംബൈ, കൊൽക്കത്ത, പുനെ, ഹൈദരാബാദ് എന്നീ ഏഴ് പ്രധാന നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മറ്റ് നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്ന കാര്യം കമ്പനി പിന്നീട് തീരുമാനിക്കും.സൊമാറ്റോ ആപ്പിലെ 'എക്സ്പ്ലോർ മോർ' സെക്ഷനിലുള്ള 'ലിമിറ്റ്‌ലെസ് ഡെലിവറി' ഷോർട്ട്കട്ട് വഴിയോ, റെസ്റ്റോറന്റിന്റെ പേര് നേരിട്ട് തിരഞ്ഞോ ഉപഭോക്താക്കൾക്ക് ഓർഡർ നൽകാം. പങ്കാളികളാകുന്ന റെസ്റ്റോറന്റുകളുടെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും സേവനം ലഭ്യമാകുക. ദൂരത്തിനനുസരിച്ച് ഡെലിവറി നിരക്കുകളിലും സമയത്തിലും വ്യത്യാസമുണ്ടാകും.