Drisya TV | Malayalam News

സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളും ആദായനികുതി അടക്കുന്നവരും സൗജന്യ വൈദ്യുതി ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കണമെന്ന് അഭ്യർഥിച്ച് ബിഹാർ സർക്കാർ

 Web Desk    8 Nov 2026

സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളും ആദായനികുതി അടക്കുന്നവരും 125 യൂനിറ്റ് സൗജന്യ വൈദ്യുതി ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കണമെന്ന് അഭ്യർഥിച്ച് ബിഹാർ സർക്കാർ. ഇതിനായി ഡിസംബർ ഒന്നുമുതൽ പ്രത്യേക പ്രചാരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഞായറാഴ്ച അറിയിച്ചു.പട്‌നയിലെ ചേരിപ്രദേശങ്ങളിൽ ദീപാവലി ആഘോഷിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കൊപ്പം ദീപാവലി ആഘോഷിച്ച അദ്ദേഹം പ്രദേശവാസികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആഘോഷങ്ങളിൽ പങ്കാളികളാകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച പട്‌നയിൽ നടന്ന യൂത്ത് പാർലമെന്റിൽ സംസാരിക്കവെ വൈദ്യുതി സബ്‌സിഡിക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം ഏകദേശം 23,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ചൗധരി വ്യക്തമാക്കിയിരുന്നു. സമ്പന്ന കുടുംബങ്ങൾ സൗജന്യ വൈദ്യുതി ആനുകൂല്യം ഉപേക്ഷിച്ചാൽ ഈ തുക വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.പ്രചാരണത്തിന്റെ ഭാഗമായി അർഹതയുണ്ടെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടവർ സബ്‌സിഡി ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചതിന് സമാനമായ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ കുടുംബത്തിനും പ്രതിവർഷം ഏകദേശം 10,000 രൂപയുടെ വൈദ്യുതി സബ്‌സിഡിയാണ് സർക്കാർ നൽകുന്നതെന്ന് ചൗധരി പറഞ്ഞു. ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കുന്നവരുടെ സംഭാവന അംഗീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.ആദിവാസി മേഖലകളിലും ദലിത്, മറ്റ് അതിപിന്നാക്ക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേർന്ന് സമൂഹത്തിന്റെ ഭാഗമാകണം. ആഘോഷങ്ങളിൽ ആരും മാറ്റിനിർത്തപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു

  • Share This Article
Drisya TV | Malayalam News