Drisya TV | Malayalam News

ജപ്പാനിൽ ഭൂചലനം, 5.7 തീവ്രത

 Web Desk    8 Nov 2026

മധ്യ ജപ്പാനിൽ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുപത്തിരണ്ടു പേർക്ക് പരുക്കേറ്റതായാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 1.04-നാണ് ഭൂചലനമുണ്ടായത്. ഷിസുവോക്ക പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു. ഐച്ചി പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. നഗാനോ, ഗിഫു തുടങ്ങിയ പ്രവിശ്യകളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തിൽ കടകളുടെ ചില്ലുകൾ തകർന്നു. ഭയന്നുവിറച്ച ആളുകൾ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൂനാമി മുന്നറിയിപ്പുകളൊന്നും ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. ഭൂചലനമുണ്ടായ ഉടൻ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിമാറാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്.ഭൂചലനത്തിന്റെ ഭീകരതയും നാശനഷ്ടങ്ങളും വ്യക്‌തമാക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലെ കടകളുടെ ചില്ലുകൾ തകരുകയും റോഡുകളിലാകെ ഇത് ചിതറി വീണ് കിടക്കുകയും ചെയ്യുന്നുണ്ട്.

റെയിൽവേ പാളങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ മേഖലയിലെ ബുള്ളറ്റ് ട്രെയിനുകൾ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി.

  • Share This Article
Drisya TV | Malayalam News