Drisya TV | Malayalam News

സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ

 Web Desk    16 Oct 2026

സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. സൗദിയിലെ ദമാം, ജിദ്ദ, റിയാദ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുടക്കിയ പണം പൂർണമായും തിരിച്ചുനൽകും. നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ മാസം 20 തവണ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം ഹൂതികൾ ആക്രമിച്ചെന്ന് സൗദി സഖ്യസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടു. റിഫൈനറികൾ, തുറമുഖങ്ങൾ എന്നിവയും ആക്രമിച്ചു. സഖ്യസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ ഹൂതികളുടെ 120 ആയുധപ്പുരകൾ തകർത്തതായും സേനാ വക്താവ് റിയാദിൽ അറിയിച്ചിരുന്നു. അതേസമയം സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്ന് വിമാനക്കമ്പനികൾക്ക് കഴിഞ്ഞദിവസം ഹൂതികളും മുന്നറിയിപ്പ് നൽകിയിരുന്നു.

  • Share This Article
Drisya TV | Malayalam News