Drisya TV | Malayalam News

എൽ എൽ ബി പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി പിൻവലിച്ചതായി ബാർ കൗൺസിൽ

 Web Desk    6 Nov 2026

മൂന്ന് വർഷ, അഞ്ച് വർഷ നിയമ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി നിർബന്ധമാക്കുന്നത് പിൻവലിച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവർക്കും നിയമപഠനം നടത്താനുള്ള വഴി തെളിഞ്ഞു.അഞ്ച് വർഷ എൽ.എൽ.ബി കോഴ്സിന് 22 വയസും മൂന്ന് വർഷ കോഴ്സിന് 45 വയസും ഉയർന്ന പ്രായപരിധി നിശ്ചയിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനം 2017 മാർച്ച് മാസത്തിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 2008ലെ ലീഗൽ എഡ്യൂക്കേഷൻ റൂൾസിന്‍റെ ഷെഡ്യൂൾ III ലെ ക്ലോസ് 28 പുനഃസ്ഥാപിച്ചുകൊണ്ട് 2016ൽ ബാർ കൗൺസിൽ ഇറക്കിയ സർക്കുലറിനെ ചോദ്യം ചെയ്ത് റിഷഭ് ദുഗൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ബെഞ്ച്.

അഞ്ച് വർഷത്തെ സംയോജിത നിയമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പരമാവധി 20 വയസ് വരെയായിരുന്നു ഈ വ്യവസ്ഥയിൽ നിഷ്കർഷിച്ചിരുന്നത്. എന്നാൽ ഉയർന്ന പ്രായപരിധി പിൻവലിക്കാൻ ബാർ കൗൺസിലിന്‍റെ ജനറൽ കൗൺസിൽ തീരുമാനിച്ചതായി കൗൺസിലിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാധിക ഗൗതം ബെഞ്ചിനെ അറിയിച്ചു. തുടർന്ന്, ഹരജിയിലെ ആവശ്യം പൂർത്തിയായതായി കണ്ട് കോടതി ഇത് തീർപ്പാക്കുകയായിരുന്നു.

അഞ്ച് വർഷത്തെ സംയോജിത നിയമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി പിൻവലിക്കാൻ തയ്യാറാണോ എന്നതിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ സെപ്റ്റംബർ 25ന് ബെഞ്ച് ബി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. 2008ലെ ലീഗൽ എഡ്യൂക്കേഷൻ റൂൾസിലെ ക്ലോസ് 28 പ്രകാരം, അഞ്ച് വർഷത്തെ കോഴ്സിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 20 വയസും, പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 22 വയസുമായിരുന്നു ബി.സി.ഐ ആദ്യം ഉയർന്ന പ്രായപരിധിയായി നിശ്ചയിച്ചിരുന്നത്.

  • Share This Article
Drisya TV | Malayalam News