ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ X പോസ്റ്റിൽ KPCC പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്. സിവിലായും, ക്രിമിനലായും കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപെടുത്താൻ KPCC ഭാരവാഹികളോട് സുപ്രീം കോടതി നിർദേശിച്ചു. KPCC-ക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി അമിക്കസ് ക്യുറിയെ നിയമിച്ചു. കേസിൽ ഹാജരാകാൻ അറ്റോർണി ജനറലിനോടും സുപ്രീം കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരെ അപകീർത്തികരമായ പരാമർശം KPCC-യുടെ ഔദ്യോഗിക X പേജിൽ വന്നതിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്.‘ഭരണഘടനയാണ് പരമോന്നതം. ഒരു വ്യക്തിക്കോ രാഷ്ട്രീയ സംഘടനയ്ക്കോ അതിന് മുകളിലാകാനാവില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട വിഷയമല്ല' എന്നും കോടതി വ്യക്തമാക്കി.
'കോടതിവിധികളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി നീതിനിർവഹണത്തെ ഭീഷണിപ്പെടുത്തുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ ആർക്കും അധികാരം ഇല്ല' എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.‘കോടതിയുടെ അധികാരം നിയമവാഴ്ചയിൽ അധിഷ്‌ഠിതമാണ്; രാഷ്ട്രീയ അംഗീകാരത്തിന്റെ ആവശ്യമില്ല. കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമവും കർശനമായി നേരിടേണ്ടിവരും' എന്നും കോടതി വ്യക്തമാക്കി.