Drisya TV | Malayalam News

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

 Web Desk    6 Nov 2026

വിദേശത്ത് ജോലി ചെയ്യുന്നതിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കേസിൽ ശിക്ഷിച്ചിട്ടും തച്ചങ്കരി ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണെന്നും കോടതി പറഞ്ഞു. തച്ചങ്കരിയുടെ ശിക്ഷാ സമയത്തെ മെഡിക്കൽ റിപ്പോർട്ട് കോടതി നിർദേശ പ്രകാരം ജയിൽ സൂപ്രണ്ട് ഇന്ന് സമർപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും ബൈപാസ് ശസ്ത്രക്രിയ നടത്തിയതും അടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്.

മെഡിക്കൽ രേഖകൾ ചൂണ്ടിക്കാട്ടി, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് ജോലിക്കു പോകുന്നതെന്ന് ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ ആരാഞ്ഞു. തുടർന്നാണ് കോടതി തച്ചങ്കരിയുെട ജയിൽ വാസത്തെക്കുറിച്ച് പരാമർശിച്ചത്. ജയിലിൽ ചെന്നാൽ അവിടെ കിടക്കാതിരിക്കാൻ വേണ്ടി ആശുപത്രിയിൽ കിടക്കും. ജയിലിൽനിന്ന് ഇറങ്ങിയാൽ പൂർണ ആരോഗ്യവാനാണ്. ഇത് പറ്റില്ല. അഡ്മിഷൻ തീയതി മുതൽ റിലീസ് തീയതി വരെ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. ആശുപത്രിയിൽ പോയി സുഖമായി കിടക്കും. അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല. ദുബായിൽ പോകണം, ജോലി ചെയ്യണം. കോടതിക്ക് മുമ്പില്‍ നുണകൾ ആവർത്തിക്കരുത്. ഇത്തരത്തിലുള്ള രീതികൾ ഗൗരവമായി എടുക്കും. ഇതാണ് നിലപാടെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്കു പോകേണ്ടി വരുമെന്നും കോടതി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News