സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദം കത്തുന്നതിനിടെ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. എക്‌സൈസ് കമ്മിഷണറുടെ നടപടിയില്‍ മന്ത്രി എം.ലിജു ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്. അഡീ.കമ്മിഷണക്ക് താല്‍ക്കാലിക ചുമതല നല്‍കി.
മൂന്ന് ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കുകയും കൊച്ചി വിമാനത്താവളത്തില്‍ 2 ലൗഞ്ച് ബാര്‍ ലൈസന്‍സ് അനുവദിച്ചതും വൻ വിവാദമായിരുന്നു. മദ്യനയം വരുന്നതിനു മുന്‍പ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്നു ചൂണ്ടിക്കാട്ടി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ സീറാം സാംബശിവറാവു നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി ലിജു തള്ളിയിരുന്നു. ഇന്നലെ മന്ത്രി വിളിച്ച എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സാംബശിവറാവു വന്നിരുന്നില്ല. മദ്യനയം വരുന്നതിനു മുന്‍പ് ഒരു ബാര്‍ ലൈസന്‍സും അനുവദിക്കേണ്ടതില്ലെന്ന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു മറികടന്നാണ് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശം താന്‍ കണ്ടില്ലെന്നും ലൈസന്‍സ് നല്‍കാന്‍ തനിക്ക് അധികാരമുണ്ടെന്നുമാണ് സാംബശിവറാവു വിശദീകരിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മന്ത്രി തയാറായിരുന്നില്ല.