സംസ്ഥാനത്തെ റോഡ് അപകട മരണങ്ങൾ കുറയ്ക്കാൻ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷൻ്റെ ബ്രാൻഡ് അംബാസഡർ ആയി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു ഗതാഗതമന്ത്രി സി പി ജോൺ. സംസ്ഥാനത്തെ റോഡ് അപകട മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷന്റെ ലക്ഷ്യം. കേരള റോഡ് സേഫ്റ്റി മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15 രാവിലെ 11ന് എറണാകുളം ടൗൺ ഹാളിൽ നടക്കും.
സംസ്ഥാനത്ത് പ്രതിവർഷം 3,700 ഓളം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ബോധവത്കരണവും നിയമങ്ങൾ കർശനമായി നടപ്പാക്കലും സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷൻ്റെ ലക്ഷ്യം. 'എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്' എന്ന ആശയത്തിലൂന്നി വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർവരെ ഉൾപ്പെടുന്ന വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.നിയമലംഘകർക്കെതിരെ കർശന നടപടികളും സ്വീകരിക്കും.
മുഖ്യമന്ത്രി വി ഡി സതീശൻ ചെയർമാനും ഗതാഗതമന്ത്രി കോ-ചെയർമാനുമായ മിഷനിൽ എട്ട് വകുപ്പുകളിലെ മന്ത്രിമാർ അംഗങ്ങളായിരിക്കും. ജില്ലാ തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവർത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബ്ബുകൾ രൂപീകരിക്കും. അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കൽ, റോഡുകളുടെ നവീകരണം, സുരക്ഷാ അടയാളങ്ങൾ മെച്ചപ്പെടുത്തൽ, സീബ്രാ ക്രോസിങ്ങുകളുടെ വീതി വർധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തുന്നതിനും സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക സുരക്ഷാ മേഖലകൾ ഒരുക്കുന്നതിനും നടപടിയുണ്ടാകും. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ വെബ്സൈറ്റും മൊബൈൽ ആപ്പും സജ്ജമാക്കും.സിനിമാതാരം മമ്മൂട്ടി മിഷൻ്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കും. മറ്റ് സിനിമാതാരങ്ങൾ, സാഹിത്യകാരന്മാർ, സംഗീതജ്ഞർ എന്നിവരുടെയും പിന്തുണ തേടും. മാധ്യമങ്ങൾ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയ-മത-സാമുദായിക സംഘടനകൾ, യുവജന-വിദ്യാർഥി-വനിതാ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരിക്കണമെന്നും മന്ത്രി അറിയിച്ചു.