Drisya TV | Malayalam News

16-കാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

 Web Desk    31 Oct 2026

 16-കാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സുലൈമാൻ (65) ആണ് മരിച്ചത്. ഒക്ടോബർ 19-ന് വൈകുന്നേരം ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിൽവെച്ചാണ് 16-കാരൻ സഹോദരിയേയും മുത്തശ്ശനെയും ആക്രമിച്ചത്. പരിക്കേറ്റ സഹോദരി നിലവിൽ അപകടനില തരണംചെയ്തിട്ടുണ്ട്.സുലൈമാന്റെ മകളുടെ മകനാണ് പ്രതിയായ 16-കാരൻ. സംഭവദിവസം, 10 വയസുകാരിയായ സഹോദരിയുമായി തർക്കത്തിലേർപ്പെട്ട 16-കാരൻ, സഹോദരിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. 10-വയസുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തശ്ശനായ സുലൈമാന് കുത്തേറ്റത്.

നെഞ്ചിനും കഴുത്തിനും വയറിനും കുത്തേറ്റ സുലൈമാനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്.ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന 10-വയസുകാരി നിലവിൽ അപകടനില തരണം ചെയ്തിട്ടുള്ളതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ പോലീസ് പിടികൂടി ജുവനൈൽ ഹോമിലാക്കി. കുട്ടിയുടെ മറ്റ് പശ്ചാത്തലങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News