Drisya TV | Malayalam News

സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ

 Web Desk    31 Oct 2026

സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ ഷിബു പി.എൽ. എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്.സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്‌തിയിലാണ്. മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് അനുവദിച്ചാൽ മതിയെന്ന നിർദേശം കാറ്റിൽ പറത്തിയാണ്​ മൂന്നു ബാറുകൾക്ക് എക്​സൈസ്​ ഡെപ്യൂട്ടി കമീഷണർമാർ അനുമതി നൽകിയത്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്.

സംഭവത്തിൽ എക്​സൈസ്​ കമീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എഫ്.എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലറുകൾക്കുള്ള ലൈസൻസ് പുതുക്കുന്നതിന്‍റെ മറവിലാണ് നടപടി. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാറുകൾ അനുവദിക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തിലാണ് സർക്കാർ.ഇതിനിടെയാണ്​ മൂന്ന്​ ബിയർ-വൈൻ പാർലറുകൾക്ക്​ ലൈസൻസ്​ അനുവദിച്ചത്​. ഉദ്യോഗസ്ഥ തലത്തിൽ നിരന്തരമായുണ്ടാകുന്ന വീഴ്ചകളിൽ എക്​സൈസ്​ മന്ത്രി കടുത്ത അതൃപ്തിയിലാണ്​. നവംബർ 30നകം യു.ഡി.എഫ്​ സർക്കാറിന്‍റെ മദ്യനയം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടെയാണ്​ ബാറുകൾക്ക്​ അനുമതി നൽകിയ ഉദ്യോഗസ്ഥ നടപടി. മാനദണ്ഡ പ്രകാരമാണ്​ ബാർ ലൈസൻസ്​ അനുവദിച്ചതെന്നാണ്​ ഉദ്യോഗസ്ഥ വിശദീകരണം.

  • Share This Article
Drisya TV | Malayalam News