Drisya TV | Malayalam News

ഔദ്യോഗിക സമരവേദി മാറ്റിയതിൽ രൂക്ഷ വിമർശനവുമായി സിജെപി

 Web Desk    12 Oct 2026

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലി പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി (സി ജെ പി) രംഗത്തെത്തി. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി ജെ പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് നേതാക്കൾ ആരോപിച്ചു.

സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സി ജെ പി നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർ മന്ദിറിനെ ഔദ്യോഗിക സമരവേദിയല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനാധിപത്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുമെന്നും, സർക്കാരിന്റെ പ്രശ്നം സമരവേദിയല്ല മറിച്ച് ജനങ്ങളുടെ പ്രതിഷേധ സ്വരമാണെന്നും അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു. ജന്തർ മന്ദിർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും, ഈ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ലെന്നും സൗരവ് ദാസ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്നും സി ജെ പി നേതൃത്വം മുന്നറിയിപ്പ് നൽകി.

  • Share This Article
Drisya TV | Malayalam News