പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ‘ദുബൈ ഗ്ലൈഡ്‌വേസ്’ സ്വയം നിയന്ത്രിത യാത്രാ സംവിധാനത്തിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ബ്ലൂവാട്ടേഴ്‌സിലാണ് നാല് ആഴ്ച നീളുന്ന പരീക്ഷണ ഓട്ടത്തിന് തുടക്കമായത്. ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മതാർ അൽ തായർ, ഗ്ലൈഡ്‌വേസ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ വാഹനം നിരീക്ഷിച്ച് അതിൽ നേരിട്ട് യാത്ര ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. ദുബൈ ഹോൾഡിങ്ങുമായി സഹകരിച്ചാണ് ഈ പരീക്ഷണം നടപ്പിലാക്കുന്നത്.
എ.ഐ സാങ്കേതികവിദ്യയും അത്യാധുനിക സെൻസറുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. പ്രത്യേകമായി നിർമിച്ച ട്രാക്കുകളിലൂടെ പൊതു ഗതാഗതത്തിരക്കിൽ പെടാതെ ഇവക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകും. തറനിരപ്പിലോ ഉയർന്ന ട്രാക്കുകളിലോ ഇവ സ്ഥാപിക്കാൻ കഴിയും എന്നതിനാൽ നഗരത്തിന്‍റെ നിലവിലുള്ള ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഇവ എളുപ്പത്തിൽ ഘടിപ്പിക്കാം.
യാത്രക്കാർക്ക് ഏതുസമയത്തും നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇത് നൽകുന്നു. നാലുമുതൽ ആറുവരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഓരോ വാഹനത്തിനും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയാണുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവക്ക് സാധിക്കും. 20 എൽ.ഐ.ഡി.എ.ആർ സെൻസറുകൾ, റഡാറുകൾ, കാമറകൾ എന്നിവ വാഹനങ്ങളിൽ സുരക്ഷക്കായി സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടു ദിശകളിലേക്കുമായി മണിക്കൂറിൽ 20,000-ത്തിലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക ശൃംഖല. മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് നിർമാണച്ചെലവിൽ 90 ശതമാനവും പ്രവർത്തനച്ചെലവിൽ 70 ശതമാനവും കുറവു വരുത്താൻ സാധിക്കും. ദുബൈയിൽ ഭാവി തലമുറക്കായുള്ള മികച്ചതും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.എ ഈ പദ്ധതി നടപ്പാക്കുന്നത്. പ്രധാന പൊതുഗതാഗത ശൃംഖലകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ പദ്ധതി സഹായിക്കും.
പരീക്ഷണ ഘട്ടത്തിനുശേഷം നാഷനൽ പെയിന്‍റ്സ് മെട്രോ സ്റ്റേഷൻ മുതൽ ബ്ലൂവാട്ടേഴ്‌സ് വരെയുള്ള 2.8 കിലോമീറ്റർ റൂട്ടിലും, ജുമൈറ വില്ലേജ് സർക്കിൾ, ദുബൈ ഫെസ്റ്റിവൽ സിറ്റി, ബിസിനസ് ബേ, മുഹമ്മദ് ബിൻ റാശിദ് സിറ്റി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും ഈ ഗ്ലൈഡ്‌വേസ് സർവീസുകൾ വികസിപ്പിക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്.