മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യവും സിജെപിയും പ്രതിഷേധം ശക്തമാക്കിയിരിക്കെ ഡൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്ചയിച്ച് ഡൽഹി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുവരെ പ്രധാന സമരവേദിയായിരുന്ന അതീവ സുരക്ഷാ മേഖലയിലുള്ള ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കുള്ള വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
പൗരന്മാർക്ക് പ്രതിഷേധിക്കാനും പ്രകടനങ്ങൾ നടത്താനുമുള്ള അവകാശം സംരക്ഷിക്കുന്നതിനായി, നിലവിലുള്ള സമരവേദിക്ക് പകരം അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജന്തർ മന്തറിനെ ഇനി സമരവേദിയായി ഉപയോഗിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയത്. രാംലീല മൈതാനം,ബുരാരി മൈതാനം,സിബിഡി മൈതാനം എന്നിവയാണ് പുതിയ 3 സമരവേദികൾ.