എയർപോട്ട് റോഡിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവും സുഹൃത്ത് നിനവും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിൽ (ജയിലിനോടു ചേർന്നുള്ള ബോർസ്റ്റൽ സ്കൂൾ). ഇന്നലെ രാത്രി ആലുവ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുചടർന്നാണ് ജയിലിലെ ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റിയത്. ഇരുവർക്കും 19 വയസാണ് പ്രായമെന്നും ജയിൽ ചട്ടമനുസരിച്ചാണ് ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റിയതെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു. സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണു ജയിലുള്ള ദുർഗുണ പരിഹാര പാഠശാലയിലേക്കു മാറ്റിയതെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ‘‘18 നും 21 നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല ദുർഗുണ പരിഹാര പാഠശാലയിലാണ് പ്രവേശിപ്പിക്കുന്നത്’’ – ശ്രീജിത്ത് പറഞ്ഞു. കാക്കനാട് ജയിലിനകത്താണ് ദുർഗുണപരിഹാര പാഠശാല.
അതേസമയം, അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്നു മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ പ്രതി ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19) പറഞ്ഞു. വാഹനമോടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.അപകടസമയത്തെ കാറിന്റെ വേഗമറിയാൻ വിദഗ്ധ പരിശോധന നടത്തും. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.