ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. 5 പേർ ബസിനടിയിൽ പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന താണ്ടപ ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടിച്ചു. കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഫുട്പാത്തിന്റെ ബാരിക്കേഡും സമീപത്തെ പോസ്റ്റും അപകടത്തിൽ തകർന്നു. കടയിലേക്കും ഇടിച്ചു കയറി. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.