Drisya TV | Malayalam News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മധുരാന്തകത്തും ധാരാപുരത്തും വിജയം ഉറപ്പിച്ച് ടിവികെ

 Web Desk    9 Oct 2026

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ വിജയ് ഇഫക്ട്. മധുരാന്തകത്ത് വിജയം ഉറപ്പിച്ച ടിവികെ, ധാരാപുരത്ത് ലീഡ് 8000 ആയി ഉയർത്തി. രണ്ടിടത്തും നിലവിൽ ഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്. പുതുച്ചേരിയിൽ എൻഡിഎയിലെ എൻആർ കോൺഗ്രസ് തിളക്കമാർന്ന ജയം സ്വന്തമാക്കി.

അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അഗ്നിപരീക്ഷയിൽ തമിഴകത്തിന്‍റെ ജനനായക പദവി ഉറപ്പിച്ച് ദളപതി. അണ്ണാഡിഎംകെ എംഎൽമാരെ രാജിവയ്പ്പിച്ച് ടിവികെ പാളയത്തിലെത്തിച്ച നീക്കത്തോട് മുഖം തിരിക്കാതെ വോട്ടർമാർ. ഏപ്രിലിൽ 17,000 വോട്ടിന് അണ്ണാഡിഎംകെ ജയിച്ച ധാരാപുരത്ത് ലീഡ് നേടാൻ അഞ്ചാം റൗണ്ട് വരെ കാത്തിരുന്ന ടിവികെ പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല.വോട്ടെണ്ണലിന്‍റെ പകുതിയായപ്പോൾ ഡിഎംകെ രണ്ടാം സ്ഥാനത്തേക്ക് കയറിയതും, ടിവികെ സ്ഥാനാർത്ഥി പി സത്യഭാമയ്ക്ക് ആശ്വാസമായി. മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേൽ, മന്ത്രിസഭയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ട്. 

അതേസമയം, തനിച്ച് മത്സരിച്ച സിപിഎമ്മിനും സിപിഐക്കും വോട്ടെണ്ണൽ പകുതിയാകുമ്പോൾ 1000 വോട്ട് പോലും നേടാനായിട്ടില്ല. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ രംഗസ്വാമി ഒഴിഞ്ഞ തട്ടാൻചാവടി മണ്ഡലം ആശോക് ആനന്ദിലൂടെ എൻഡിഎ നിലനിർത്തി. ഏപ്രിലിലെ 4441 വോട്ടിന്ർറെ ഭൂരിപക്ഷം ഇരട്ടിയാക്കാനായതും എൻആർ കോൺഗ്രസിന് നേട്ടമായി.

  • Share This Article
Drisya TV | Malayalam News