Drisya TV | Malayalam News

ഒമാൻ തീരത്തോട് ചേർന്ന് ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 12 നാവികർക്ക് പരിക്കേറ്റു

 Web Desk    6 Oct 2026

പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇന്ധന ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രണം. ഒമാൻ തീരത്തോട് ചേർന്ന് ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 12 നാവികർക്ക് പരിക്കേറ്റു. ഇതിൽ 11 പേരും ഇന്ത്യക്കാരാണ്.

പനാമ പതാക വഹിച്ചുള്ള 'എംടി ഓൺ പീസ്' എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആകെ 19 ജീവനക്കാരുള്ള കപ്പലിൽ 17 പേരും ഇന്ത്യൻ പൗരന്മാരായിരുന്നു. ഇതിൽ 12 പേർക്കാണ് പരിക്കേറ്റത്. പരിക്കുപറ്റിയ നാവികരിൽ 11 പേരും ഇന്ത്യക്കാരാണ്. ഇവരെ ഒമാനിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാൻ നാവിക സേനയുടെ സഹായത്തോടെ അൽ കസബയിലാണ് ഇവരെ എത്തിച്ചതെന്നും എംബസി വ്യക്തമാക്കി.

കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും നാവികരെ ഒഴിപ്പിക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്‌തു. അന്താരാഷ്ട്ര വാണിജ്യ സമുദ്രപാതകളിലൂടെയുള്ള കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും സമുദ്ര വാണിജ്യ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

  • Share This Article
Drisya TV | Malayalam News