ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരിയെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി മന്ത്രി കെ. മുരളീധരൻ. പ്രിൻസിപ്പൽ സെക്രട്ടറിയോടുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. നിർണായക തീരുമാനങ്ങളിൽ അനുമതി വൈകിപ്പിക്കുന്നു, കെ.എം.എസ്.സി.എൽ ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിൽ റിപ്പോർട്ട് നൽകി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിക്കുന്നത്.
ചില ഫയലുകളിൽ കൃത്യമായ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും മുൻ സർക്കാരിലെ പ്രമുഖരെ സംരക്ഷിക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ഷർമിള മേരി തള്ളി. താൻ രാഷ്ട്രീയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാറില്ലെന്നും ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ചുമതലകൾ മാത്രമാണ് നിർവഹിക്കുന്നതെന്നുമാണ് അവരുടെ വിശദീകരണം.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും പനി മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നത്. മുൻപ് ഡി.എം.ഒയെ മാറ്റിയ വിഷയത്തിലും മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഈ പടലപ്പിണക്കങ്ങൾ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിലും വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.