ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനം റാഞ്ചിയെടുക്കാൻ ശ്രമം നടത്തിയതിന് പിന്നിൽ കോ പൈലറ്റ് ഒറ്റയ്ക്കാണെന്ന് സൂചന. പിന്നിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് ഇസ്രയേലി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.സംഭവത്തിനുള്ള കാരണം കണ്ടെത്താൻ അന്താരാഷ്ട്ര അന്വേഷണസംഘം ഇപ്പോഴും ശ്രമം നടത്തിവരികയാണ്.
നിലവിൽ ഏതെങ്കിലും സംഘടനകൾക്കോ സർക്കാരുകൾക്കോ ഇതിൽ ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും ഇസ്രയേലി വൃത്തങ്ങൾ പറയുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം. യുഎഇയും ഇസ്രയേലും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ, വിമാനം അടിയന്തരമായി ഇറക്കിയത് സൗദിയിലായതിനാൽ അവരുടെ അന്വേഷണവും നടക്കുന്നുണ്ട്.
യുഎഇ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇതൊരു ഭീകരപ്രവർത്തന ശ്രമമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി പൗരനായ കോ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്നാണ് യുഎഇയുടെ കണ്ടെത്തൽ. മറ്റുവിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ പങ്കുവെക്കുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്.