ഈരാറ്റുപേട്ടയില്‍ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. മേലമ്പാറയിൽ രാജേഷ് പല്ലാട്ടിന്റെ ആന പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചരിഞ്ഞത്. വീട്ടുമുറ്റത്ത് തളച്ചിരുന്നതായിരുന്നു. അരുണാചലിൽ നിന്ന് കൊണ്ടുവന്ന ആന 25 വർഷമായി കേരളത്തിലുണ്ട്. 46 ന് അടുത്ത് പ്രായം കണക്കാക്കുന്നു. 298 സെന്‍റിമീറ്റര്‍ ഉയരം.
പൂരപ്പറമ്പുകളിലെ സാന്നിധ്യമായിരുന്ന പല്ലാട്ടെ കുട്ടിയുടെ വേർപാട് ആന പ്രേമികൾക്ക് നൊമ്പരമായി. സുന്ദരനും ശാന്തസ്വഭാവവും ഉള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരനായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് ബ്രഹ്മദത്തന്‍ എത്താറുണ്ട്. ഏറ്റുമാനൂര്‍ , തിരുനക്കര , ശക്തികുളങ്ങര , തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളില്‍ പ്രധാന തിടമ്പ് ബ്രഹ്മദത്തന്‍ ആണ്. തൃശൂര്‍ പൂരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
അരുണാചല്‍ വനങ്ങളില്‍ തടി പിടിച്ചും താപ്പാനയായും നടന്നിരുന്ന ബ്രഹ്മദത്തന്‍ 1999 ലാണ് കേരളത്തിലെത്തിയത്. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗ്ഗീസും സഹോദരന്‍ ചാക്കോയുമാണ് കൊമ്പനെ കോട്ടയത്ത് എത്തിച്ചത്. മുൻപ് പുതുപ്പള്ളി ബ്രഹ്മദത്തൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് ചട്ടം പഠിപ്പിച്ചെടുക്കാന്‍ രണ്ടുമാസമെടുത്തു. ഓമനച്ചേട്ടനെന്ന് എല്ലാവരും വിളിച്ചിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ദാമോദരന്‍നായരാണ് ബ്രഹ്മദത്തനെ ചട്ടംപഠിപ്പിച്ചത്. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ഓമനച്ചേട്ടന്‍റെ വേര്‍പാട്.