Drisya TV | Malayalam News

ഇന്ത്യ-സൗദി പവർ ലിങ്ക് സമുദ്രത്തിനടിയിലൂടെ പവർ ലിങ്ക് പ്രൊജക്ട് ഉടൻ യാഥാർത്ഥ്യമായേക്കും

 Web Desk    4 Oct 2026

ഇന്ത്യയും, സൗദി അറേബ്യയും സഹകരിച്ച് സമുദ്രത്തിനടിയിലൂടെ പവർ ലിങ്ക് പ്രൊജക്ട് ഉടൻ യാഥാർത്ഥ്യമായേക്കും. 2,100 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 9 ബില്യൺ യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി ഇന്ത്യയ്ക്ക് വലിയ നേട്ടം നൽകുന്ന പ്രൊജക്ടാണ്. രാജ്യത്തിന്റെ വർധിച്ചു വരുന്ന ഊർജ്ജ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും തന്ത്രപ്രധാനമായ ഈ സഹകരണം പ്രധാനമാണ്.3 ഗിഗാവാട്ട് ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് ട്രാൻസ്മിഷൻ ശേഷിയാണ് നിർദ്ദിഷ്ട പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഫലത്തിൽ, ഇന്ത്യയും-സൗദിയും തമ്മിൽ ഒരു ഇലക്ട്രിസിറ്റി ഇന്റർകണക്ഷനാണ് യാഥാ‍ർത്ഥ്യമാവുക. ഇന്ത്യയുടെ വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ് ( One Sun One World One Grid -OSOWOG) വിഷനുമായി ചേർന്നു പോകുന്നതാണ് നിർദ്ദിഷ്ട പദ്ധതി. 2023 വർഷത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇലക്ട്രിസിറ്റി, ഗ്രിഡ് ഇന്റർകണക്ഷൻ എന്നീ മേഖലകളിൽ സഹകരിക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുള്ളത്.

ഇന്ത്യയ്ക്കുള്ള പ്രധാന നേട്ടങ്ങൾ

* ഇന്ത്യയിലും, സൗദി അറേബ്യയിലും സൂര്യോദയവും, അസ്തമയവും വ്യത്യസ്ത സമയങ്ങളിലാണ്. ഏകദേശം രണ്ടര മണിക്കൂർ വ്യത്യാസമാണുള്ളത്. ഇന്ത്യയിൽ വൈകുന്നേരങ്ങളിൽ ഇലക്ട്രിസിറ്റി ഡിമാൻഡ് ഉയരുമ്പോൾ സൗദിയിലെ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഇറക്കുമതി ചെയ്യാം.

* മറുവശത്ത്, സൗദിയിൽ പകൽ സമയത്ത് വൈദ്യുതി ആവശ്യകത ഉയരുമ്പോൾ ഇന്ത്യയിൽ നിന്ന് അവിടേക്ക് സൗരോർജ്ജം കയറ്റുമതി ചെയ്യാൻ കഴിയും.

* കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സോളാർ, വിൻഡ് പവർ എല്ലായ്പ്പോഴും ഒരേ തോതിൽ ലഭ്യമാകണമെന്നില്ല. രണ്ട് രാജ്യങ്ങളിലെയും ​ഗ്രിഡുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇത്തരം വ്യതിയാനങ്ങൾ പരിഹരിക്കാൻ സാധിക്കും. മാത്രമല്ല ദേശീയതലത്തിൽ ​ഗ്രിഡ് ശേഷി സുസ്ഥിരമായി നില നിർത്താനും ഇന്ത്യയ്ക്കും, സൗദിക്കും സാധിക്കും.

* ഫോസിൽ ഇന്ധനങ്ങളുടെ ബഹിർ​ഗമനം കുറയുന്നതിലൂടെ കാർബൺ പുറന്തള്ളൽ താഴുന്നത് പരിസ്ഥിതിക്കും നേട്ടമാണ്.

* ഇന്ത്യയിൽ പുനരുപയോ​ഗ ഊർജ്ജ മേഖല അതിവേ​ഗത്തിലുള്ള വളർച്ചയാണ് നേടുന്നത്. അധിക വൈദ്യുതി വരുമ്പോൾ അത് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി വലിയ തുക വരുമാനമുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇത്തരത്തിൽ കൂടുതൽ പ്രൊജക്ടുകൾ മറ്റ് വി​ദേശ രാജ്യങ്ങളുമായി ചേർന്ന് നടപ്പാക്കാനും ഇന്ത്യ പദ്ധതിയിടുന്നു. ഒമാൻ, യു.എ.ഇ, സിം​ഗപ്പൂർ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായി പവർ ലിങ്ക് കണക്ഷൻ നടപ്പാക്കുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്.

* പരമ്പരാ​ഗതമായി ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. പവർ ​ഗ്രിഡുകള് വഴി വൈദ്യുതി കൈമാറ്റം സാധ്യമാകുന്നത് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നു

* ഇന്ത്യയെയും, മിഡിൽ ഈസ്റ്റിനെയും ബന്ധിപ്പിക്കുന്ന IMEEC (India-Middle East-Europe Economic Corridor) പദ്ധതിക്ക് ഈ പവർ ലിങ്ക് വലിയ ഊർജ്ജമാണ് നൽകുക.

* വിതരണം ചെയ്യാത്ത അധിക സൗരോർജ്ജം ബാറ്ററിയിൽ സൂക്ഷിക്കുന്നതിന് വളരെയധികം ചെലവുണ്ട്. ഇതിന് പകരം ലൈവായി, കേബിളുകൾ വഴി ഇത് സൗദിയിലേക്ക് അയയ്ക്കുന്നതും ഇന്ത്യയ്ക്ക് സാമ്പത്തികമായി ലാഭം നൽകും.

  • Share This Article
Drisya TV | Malayalam News