Drisya TV | Malayalam News

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളിൽ നിർണായക ഇടപെടലുമായി ഇന്ത്യ

 Web Desk    3 Oct 2026

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളിൽ നിർണായക ഇടപെടലുമായി ഇന്ത്യ. കരിങ്കടൽ മേഖലയിലെ ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിനും കാർഷിക വിതരണം സുരക്ഷിതമാക്കുന്നതിനുമായി ഇന്ത്യ മുന്നോട്ടുവെച്ച സമാധാനനിർദേശം ഏറെ പ്രശംസനീയമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി.

നിലവിൽ ചർച്ചയിലുള്ള നാല് നിർദേശങ്ങളിൽ ഏറ്റവും സമഗ്രമായത് ഇന്ത്യയുടേതാണെന്നും ആദ്യമായാണ് ഇന്ത്യ സമാധാന ശ്രമങ്ങളിൽ സജീവമായ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിക്കുന്നതെന്നും യുക്രൈൻ സ്ഥിരീകരിച്ചു.അമേരിക്ക, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നിർദേശങ്ങൾക്കൊപ്പം ഇന്ത്യയുടെ പദ്ധതിയും ചർച്ചയിലുണ്ട്. ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പൂർണമായി നിർത്തിവെക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

കരിങ്കടലിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണവും കപ്പൽ ഗതാഗതവും പുനഃസ്ഥാപിക്കാൻ യുക്രെയ്ൻ തയ്യാറാണെന്നും അതിനായി റഷ്യയും അനുകൂല നിലപാട് എടുക്കണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം കീവ് സന്ദർശിച്ചപ്പോൾ യുക്രെയ്ൻ പ്രസിഡന്റ്റ് വോളോഡിമിർ സെലെൻസ്കിയുമായും സിബിഹയുമായും ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും കരിങ്കടൽ സുരക്ഷയെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തിയിരുന്നു.

റഷ്യpയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഇനി ഈ സമാധാന ശ്രമങ്ങളുടെ ഭാവി നിർണയിക്കുക. നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമേ സംഘർഷത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു.

  • Share This Article
Drisya TV | Malayalam News