Drisya TV | Malayalam News

സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പുരസ്കാരം പ്രഖ്യാപിച്ച് ഫാർമ കമ്പനി

 Web Desk    3 Oct 2026

ഫ്ലൈദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ മുറിവേറ്റു വീണിട്ടും ധീരതയോടെ പൊരുതി യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പുരസ്കാരം പ്രഖ്യാപിച്ച് ഔഷധ നിർമാണക്കമ്പനി മാൻകൈൻഡ് ഫാർമ. സങ്കൽപ്പിക്കാനാവാത്ത സാഹചര്യത്തിലും അസാമാന്യ ധൈര്യത്തോടെ പൊരുതുകയും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുകയും ചെയ്തതു ആദരമർഹിക്കുന്ന പ്രവൃത്തിയാണെന്ന് കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽഅവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് എഫ്ഇസഡ്1073 വിമാനത്തിൽവച്ചാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. സഹപൈലറ്റ് സ്മിത്ത് മച്ഛാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. വിമാനത്തിൽ യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കോക്പിറ്റിൽ പൈലറ്റ് കത്തിയാക്രമണം നടത്തിയത്. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിനെ ഒമാനി സഹപൈലറ്റ് കുത്തിയതോടെ വിമാനത്തിന്റെ നിയന്ത്രണംവിട്ടു. ജോർദാൻ വ്യോമപരിധിയിലായിരുന്നു സംഭവം.

ചോരവാർന്നുകൊണ്ടിരിക്കുമ്പോഴും മച്ഛാർ കോക്പിറ്റ് തുറന്നുപിടിച്ചു. വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്ന മറ്റു നാലുപേർ കോക്പിറ്റിൽ കടന്നുകയറിയാണ് അക്രമിയായ സഹപൈലറ്റിനെ കീഴടക്കിയത്. ഒന്നര മണിക്കൂറോളം ആകാശത്തു വട്ടമിട്ടു പറന്ന വിമാനം ഒടുവിൽ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

മച്ഛാറിന്റെ ധൈര്യപൂർവമായ പ്രവൃത്തിയിൽ‌ ആഭിമാനം തോന്നുകയാണെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മാൻകൈൻഡ് ഫാർമ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജീവ് ജുനേജ പറഞ്ഞു. മച്ഛാറിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു.

  • Share This Article
Drisya TV | Malayalam News