ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ആർ.ശ്രീലേഖ. മേയർ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് ഏൽപിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമർപ്പിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച കലക്ടര്‍ക്കു കത്തു നല്‍കുമെന്നും അവര്‍ വാട്‌സാപ് ഗ്രൂപ്പില്‍ അറിയിച്ചിട്ടുണ്ട്.
മേയര്‍ക്കു രാജിക്കത്തു നല്‍കിയ ആര്‍.ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണു ബിജെപി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി നേരിട്ടു ചര്‍ച്ച നടത്തും. രാജി വയ്ക്കുന്നതായി അറിയിച്ച് ശ്രീലേഖ തനിക്കു കത്തു നല്‍കിയിരുന്നുവെന്ന് മേയര്‍ വി.വി.രാജേഷ് സ്ഥിരീകരിച്ചു. ‘‘വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും’’ – വി.വി.രാജേഷ് വ്യക്തമാക്കി.
ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്കു പല തരത്തിലുള്ള അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു ശേഷം മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണഘട്ടത്തില്‍ ശ്രീലേഖയെ ബിജെപി ഉയര്‍ത്തിക്കാട്ടിയെങ്കിലും അതിനു ശേഷം അവരെ ഒഴിവാക്കി വി.വി.രാജേഷിനെ മേയറാക്കി നിശ്ചയിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകൾ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു. രാജിവാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും ഡപ്യൂട്ടി മേയര്‍ ആശാനാഥ് പ്രതികരിച്ചു.