Drisya TV | Malayalam News

കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗജന്യ സേവനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

 Web Desk    29 Sep 2026

കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കുന്നതിനുള്ള സൗജന്യ സേവനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. ഏഴ് വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇവർക്ക് 2027 സെപ്റ്റംബർ 30 വരെ യാതൊരു ഫീസും ഇല്ലാതെ ബയോമെട്രിക് വിവരങ്ങൾ പുതുക്കാൻ സാധിക്കും. നേരത്തെ ഈ സൗജന്യ സേവനത്തിന്റെ അവസാന തീയതി 2026 സെപ്റ്റംബർ 30 ആയിരുന്നു. അത് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള നിർണായക തീരുമാനം വന്നിരിക്കുന്നത്. രാജ്യത്താകമാനം കോടിക്കണക്കിന് കുട്ടികൾ ഇനിയും ബയോമെട്രിക് വിവരങ്ങൾ പുതുക്കാനുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് യു.ഐ.ഡി.എ.ഐ കാലാവധി നീട്ടിയത്.

നിരവധി കുട്ടികളുടെ ആധാർ വിവരങ്ങൾ കാലഹരണപ്പെട്ട നിലയിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ സമയം അനുവദിച്ചത്. കേരളത്തിന്റെ കാര്യമെടുത്താൽ മാത്രം ഏകദേശം 10 ലക്ഷത്തോളം കുട്ടികൾ ഇനിയും ബയോമെട്രിക് പുതുക്കാനുണ്ടെന്നാണ് ആധാർ അതോറിറ്റിയുടെ കണക്ക്. സ്കൂളുകൾ വഴി നടത്തിയ പരിശോധനയിലാണ് ഇത്രയധികം കുട്ടികൾ പുതുക്കൽ നടത്താനുണ്ടെന്ന് വ്യക്തമായത്.

2018ലാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) കുട്ടികൾക്കായി പ്രത്യേകം നീല നിറത്തിലുള്ള 'ബാൽ ആധാർ' കാർഡ് അവതരിപ്പിച്ചത്. ആധാർ ആക്ട് 2016ലെ സെക്ഷൻ 3(1) പ്രകാരം കുട്ടികൾ ഉൾപ്പെടെ എല്ലാ താമസക്കാർക്കും ആധാർ നമ്പർ ലഭിക്കാൻ അർഹതയുണ്ട്.

5 വയസ്സ് വരെ കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. രക്ഷിതാക്കളിൽ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടിയുടെ ആധാർ നൽകുന്നത്. എന്നാൽ കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ ആദ്യമായി ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും നൽകണം.

വിരലടയാളം, ഐറിസ് സ്കാൻ, പുതിയ ഫോട്ടോ എന്നിവ ആധാർ ഡാറ്റാബേസിൽ ചേർക്കും. പിന്നീട് കുട്ടിക്ക് 15 വയസ്സ് തികയുമ്പോൾ വീണ്ടും ബയോമെട്രിക് അപ്ഡേറ്റ് നിർബന്ധമാണ്. കുട്ടി വളരുന്നതിനനുസരിച്ച് ശാരീരിക സവിശേഷതകൾ, പ്രത്യേകിച്ച് വിരലടയാളങ്ങൾ ഗണ്യമായി മാറുന്നതിനാലാണ് ഈ അപ്ഡേറ്റ് ആവശ്യമായി വരുന്നത്. കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാതിരുന്നാൽ സ്കൂളിലോ സർക്കാർ സേവനങ്ങൾക്കോ ആധാർ ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

5 വയസ്സിലും 15 വയസ്സിലും ചെയ്യേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾ സെപ്റ്റംബർ 30 വരെ പൂർണ്ണമായും സൗജന്യമാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞാൽ രക്ഷിതാക്കൾ 125 രൂപ ഫീസ് നൽകേണ്ടി വരും. എന്നാൽ ആദ്യമായി ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നവരിൽ നിന്ന് സെപ്റ്റംബർ 30, 2026ന് ശേഷവും ഫീസ് ഈടാക്കില്ല എന്നതും ശ്രദ്ധേയമാണ്.

കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ രക്ഷിതാക്കൾ കുട്ടികളുമായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ എത്തണം. രക്ഷിതാവിന്റെ ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മേൽവിലാസ തെളിവ്, റേഷൻ കാർഡ്, കുട്ടിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ ഇവയൊക്കെ കയ്യിൽ കരുതേണ്ടതാണ്.

  • Share This Article
Drisya TV | Malayalam News