Drisya TV | Malayalam News

കേരള പൊലീസും പേപ്പർലെസ് ആകുന്നു

 Web Desk    28 Sep 2026

ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോൾ കേരള പൊലീസും പേപ്പർലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോ‍ർട്ടും ഡിജിറ്റലാകണമെന്ന പ്രധാന നിർദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. എഡിജിപി മാരുടെ യോഗത്തിലാണ് തീരുമാനം. കേസുകളിലെ കുറ്റപത്രം , അന്തിമ റിപ്പോർട്ടിന്റെ ഹാർഡ് കോപ്പികൾക്ക് പകരം ഡിജിറ്റൽ പകർപ്പുകൾ പ്രതികൾക്ക് നൽകുന്നതിനുള്ള സാധ്യത ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്യാനാണ് തീരുമാനം. ഗവർണറും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഡിജിപി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. തുട‍ർനടപടി സ്വീകരിക്കാൻ പൊലീസ് ആസ്ഥാനത്തിൻ്റെ ചുമതലയുള്ള എഡിജിപിയെ നിയോ​ഗിച്ചിട്ടുണ്ട്. പേജുകൾ പ്രിൻ്റെടുത്ത് പ്രതികൾക്ക് കൊടുക്കുന്നതിന് പകരം ഒറ്റ ക്ലിക്കിൽ റിപ്പോ‍ർട്ട് പ്രതികൾക്കും അഭിഭാഷകർക്കും നൽകാമെന്നാണ് നിർദ്ദേശം.

പാസിംഗ് ഔട്ട് പരേഡുകൾ, പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയവയ്ക്കുള്ള ക്ഷണക്കത്തുകൾ ഡിജിറ്റലാക്കാൻ ധാരണയായി. ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയ മുഖ്യാതിഥികൾക്കായി മാത്രം, ക്ഷണക്കത്തുകൾ നൽകാനാണ് തീരുമാനം. എല്ലാ യൂണിറ്റ് മേധാവികളും ഓഫീസുകളും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പേപ്പർലെസ് യോഗങ്ങൾ നടത്തണമെന്നാണ് തീരുമാനം. സമൻസ് ഉള്‍പ്പെടെ കാര്യങ്ങള്‍ പൊലിസ് ആപ്പുമായി സംയോജിപ്പിക്കാനുളള നടപടികളിലേക്ക് നീങ്ങാനും തീരുമാനിച്ചു.

  • Share This Article
Drisya TV | Malayalam News