Drisya TV | Malayalam News

"തായ് മാമൻ തങ്ക മോതിരം തിട്ടം" പദ്ധതി മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും

 Web Desk    28 Sep 2026

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സർക്കാരിന്റെ വക സ്വർണമോതിരം സമ്മാനമായി നൽകുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും. 'തായ് മാമൻ തങ്ക മോതിരം തിട്ടം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ 25 കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് സ്വർണമോതിരം സമ്മാനിക്കും. ഒരു ഗ്രാം തൂക്കം വരുന്ന 22 കാരറ്റ് സ്വർണമോതിരമാണ് ഓരോ കുഞ്ഞിനും നൽകുക. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാർക്ക് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടാവുക.

ഈ വർഷം ജൂൺ 22-ന് ശേഷം ജനിച്ച എല്ലാ കുട്ടികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജൂൺ 22 മുതൽ സെപ്റ്റംബർ 22 വരെ ജനിച്ച കുഞ്ഞുങ്ങൾക്ക് സംസ്ഥാനത്തുടനീളം സജ്ജീകരിച്ചിട്ടുള്ള 107 കേന്ദ്രങ്ങൾ വഴിയാകും മോതിരം വിതരണം ചെയ്യുക. അതേസമയം, തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ സ്വർണമോതിരം കൈമാറാനാണ് സർക്കാരിന്റെ തീരുമാനം.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരങ്ങളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. ഈ ബൃഹത്തായ പദ്ധതിക്കായി 755.83 കോടി രൂപയാണ് തമിഴ്നാട് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News