Drisya TV | Malayalam News

ഇന്ത്യ ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണെന്ന് പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

 Web Desk    28 Sep 2026

ഇന്ത്യ ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണെന്ന് പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എൻഡിടിവി ഡിഫൻസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന രണ്ട് പതിറ്റാണ്ടുകളിലെ യുദ്ധതന്ത്രങ്ങൾ മുൻനിർത്തിയാണ് ആറാംതലമുറ യുദ്ധവിമാന വികസനത്തിന് തുടക്കമിടാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. കരസേന മേധാവി ജനറൽ ധീരജ് സേഥും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം.

മുന്നോട്ടുള്ള വഴിയിൽ വെല്ലുവിളികൾ ഉണ്ടാകാമെങ്കിലും, അഞ്ചാം തലമുറയ്ക്ക് പുറമെ ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുമെന്ന തീരുമാനത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. സാങ്കേതികവിദ്യ വെറുതെ ഇറക്കുമതി ചെയ്യുന്നതിന് പകരം, അത് നിർവ്വചിക്കുന്ന രാജ്യമായി മാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.കര, ജലം, ആകാശം എന്നിവയ്ക്കൊപ്പം സൈബർ, ബഹിരാകാശം എന്നിവയും പുതിയ യുദ്ധക്കളങ്ങളായി മാറിയ അഞ്ചാം തലമുറ യുദ്ധമുറയുടെ കാലഘട്ടത്തിലാണ് നമ്മളുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ, സ്വയം നിയന്ത്രിത സംവിധാനങ്ങൾ, ഹൈപ്പർസോണിക് സാങ്കേതികവിദ്യകൾ എന്നിവ പ്രതിരോധ മേഖലയുടെ സ്വഭാവം മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ ഫ്ളൈറ്റ് ട്രയലും ലോങ്-ഡ്യൂറേഷൻ സ്ക്രാംജെറ്റ് എഞ്ചിൻ പരീക്ഷണവും ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. 2013-14 ൽ 686 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2025-26 ൽ റെക്കോർഡ് തുകയായ 38,424 കോടി രൂപയായി ഉയർന്നു. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 2029-ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽരാജ്യം സർക്കാർ നയമായി ഭീകരവാദം തുടരുന്നിടത്തോളം കാലം, അവർക്കെതിരെ ഏതുതരം തിരിച്ചടികളും നടത്താൻ ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഭീകരവാദത്തിന് അഭയവും പിന്തുണയും നൽകുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകണമെന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ കാര്യവും പ്രതിരോധ മന്ത്രി ഓർമ്മിപ്പിച്ചു. ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നുവെന്നും മറ്റൊരു രാജ്യത്തിന്റെയും പ്രദേശം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. എന്നാൽ, സമാധാനത്തെ ബലഹീനതയായി കാണരുതെന്നും രാജ്യത്തിന്റെ സുരക്ഷയിലും തന്ത്രപരമായ പരമാധികാരത്തിലും വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News