Drisya TV | Malayalam News

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു

 Web Desk    28 Sep 2026

അഞ്ച് ദിവസത്തെ പ്രവൃത്തിവാരം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ സൗഹാർദ്ദപരമായ ധാരണയിലെത്തിയതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ സമരത്തിൽ നിന്ന് താൽക്കാലികമായി പിന്മാറിയത്.

ഇതോടെ സെപ്റ്റംബർ 28 തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും. മാസത്തിലെ അവസാന ആഴ്ചയിൽ തുടർച്ചയായ മൂന്ന് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന ആശങ്കയ്‌ക്കും ഇതോടെ വിരാമമായി.

ആഴ്ചയിൽ രണ്ട് ദിവസം അവധി അനുവദിക്കുക, ഓഫീസർമാരും ജീവനക്കാരും തമ്മിലുള്ള വിവേചനപരമായ രീതികൾ ഒഴിവാക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നത്.ഇതിന്റെ ഭാഗമായി നേരത്തെ ആദ്യഘട്ട പണിമുടക്കും നടന്നിരുന്നു. തുടർന്ന് സെപ്റ്റംബർ 28, 29, 30 തീയതികളിൽ തുടർച്ചയായി മൂന്ന് ദിവസം പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിക്കുകയായിരുന്നു.എന്നാൽ പണിമുടക്കിന് മുന്നോടിയായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിൽ വിവിധ വിഷയങ്ങളിൽ ധാരണയിലെത്തുകയായിരുന്നു.

ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കാതെയും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയും എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനമായി.ഇതുസംബന്ധിച്ച് വിവിധ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.

  • Share This Article
Drisya TV | Malayalam News