Drisya TV | Malayalam News

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി

 Web Desk    27 Sep 2026

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു. അവസാനം വരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു. ചൈനീസ് താരം 6.55 മീറ്റർ ചാടി.

ആദ്യശ്രമത്തിൽ മിന്നും പ്രകടനമാണ് ആൻസി പുറത്തെടുത്തത്. 6.49 മീറ്റർ ദൂരമാണ് ആൻസി കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് ആൻസിയാണ് മുന്നിട്ടുനിന്നത്. എന്നാൽ അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്. ചൈനീസ് താരം 6.55 മീറ്റർ ചാടി.

വനിതകളുടെ ലോങ് ജംപിൽ ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്. 2002 ഏഷ്യൻ ഗെയിംസിൽ അഞ്ജു ബേബി ജോർജാണ് സ്വർണം നേടിയ ഏക ഇന്ത്യൻ താരം. അന്ന് 6.53 മീറ്റർ ചാടിയാണ് അഞ്ജു പൊന്നണിഞ്ഞത്. 2006 ദോഹ ഏഷ്യൻ ഗെയിംസിലും അഞ്ജു മെഡൽ നേടി. അന്ന് വെള്ളിയാണ് സ്വന്തമാക്കിയത്. 2018 ഏഷ്യൻ ഗെയിംസിൽ നീനയും ഇന്ത്യക്കായി വെള്ളി നേടി. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻസി വനിതാ ലോങ് ജംപിൽ മെഡൽ നേടി. 2023 ൽ ഹാങ്ചൗവിൽ നടന്ന ഗെയിംസിൽ 6.63 മീറ്ററോടെ വെള്ളി നേടി. ഇക്കുറിയും ആൻസി വെള്ളിയോടെ മടങ്ങി.

വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തീരുത്തിയാണ് ആൻസി ഏഷ്യൻ ഗെയിംസിനെത്തിയത്. 2004 ആതൻസ് ഒളിംപിക്‌സിൽ മലയാളിയായ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വറിൽ അന്തസ്സംസ്ഥാന മീറ്റിൽ ആൻസി 6.88 മീറ്ററായി തിരുത്തി. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ഗുമിയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനയിലെ ജിയാൻജിനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 6.21 മീറ്റർ ചാടി മൂന്നാം സ്ഥാനത്തുമെത്തി.

  • Share This Article
Drisya TV | Malayalam News