ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി മുന്നോട്ടുവച്ച ഉപാധികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ നടത്തിയ എല്ലാ കൂടിക്കാഴ്ചകളുടെയും പ്രധാന ലക്ഷ്യം ഈ ഉപാധികൾ വ്യക്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ഇറാന്റെ നിബന്ധനകൾ രാജ്യത്തിന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് നിശ്ചയിച്ചതെന്ന് അരാഗ്ചി വ്യക്തമാക്കി. ഈ നിബന്ധനകൾ മധ്യസ്ഥർക്ക് വിശദമായി കൈമാറിയെന്നും അവർ അവ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ പ്രതികരണം കണ്ടെങ്കിലും മധ്യസ്ഥരിൽനിന്ന് ഇതുവരെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്നും അരാഗ്ചി ടെലഗ്രാം ചാനലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപ് പലപ്പോഴും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അതിനാൽ മധ്യസ്ഥർ വഴി വ്യക്തമായ നിലപാട് അറിയുന്നതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ അന്തിമ നിലപാട് ലഭിച്ചശേഷമായിരിക്കും ഇറാൻ തുടർനടപടികളിൽ തീരുമാനമെടുക്കുക. ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതെന്നും അതിൽനിന്ന് പിന്നോട്ടുപോകില്ലെന്നും അരാഗ്ചി വ്യക്തമാക്കി.
നയതന്ത്രത്തിന്റെയും ചർച്ചകളുടെയും വഴി ഇറാൻ ഒരിക്കലും അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിക്കാനും ഇറാൻ തയ്യാറല്ലെന്നും അരാഗ്ചി വ്യക്തമാക്കി. നയതന്ത്ര ശ്രമങ്ങൾ തുടർന്നതിനാൽ നിലവിൽ ഇറാൻ ശക്തമായ രാഷ്ട്രീയ നിലപാടിലാണ് നിൽക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.