ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും പങ്കാളികളാകാൻ സിപിഎം പ്രവർത്തകർക്കു നേതൃത്വത്തിന്റെ അനുമതി. പാർട്ടി അംഗങ്ങൾ ഇത്തരം സമിതികളിൽ ഭാരവാഹികളാകുന്നതിനുള്ള വിലക്കാണു നീക്കുന്നത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചയിലാണു നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. വർഗീയ സംഘടനകൾ പിടിമുറുക്കുന്നതു തടയണമെന്നു നിർദേശിക്കുകയും ചെയ്തു.നേതാക്കളുടെ ശൈലി ചർച്ചയിൽ വിമർശനം നേരിട്ടു. സമുദായ പ്രമാണിമാർക്കു പിന്നാലെ പാർട്ടി പോകരുതെന്നു ചിലർ ചർച്ചയിൽ പറഞ്ഞു. പിണറായിയും കേന്ദ്ര, സംസ്ഥാന നേതാക്കളും യോഗത്തിൽ മുഴുവൻ സമയം പങ്കെടുത്തു. ചർച്ച ഇന്നു തുടരും.
കുട്ടനാട്ടിലും ആലപ്പുഴയിലും പാർട്ടിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ചില ഏരിയ കമ്മിറ്റികൾ വിഭജിച്ചതു പ്രവർത്തനം ദുർബലമാക്കി. അനാവശ്യമായി കമ്മിറ്റികൾ വിഭജിക്കരുതെന്നു പിണറായി നിർദേശിച്ചു. അടിക്കടിയുള്ള പിരിവിനോടു ചില പ്രതിനിധികൾ എതിർപ്പ് അറിയിച്ചു. പാർട്ടിയുടെ പിരിവും പോഷകസംഘടനാ സമ്മേളനങ്ങളുടേതും തുടരെ ഉണ്ടാകുന്നതു ജനങ്ങളിൽ എതിർപ്പുണ്ടാക്കുന്നു.
പാർട്ടി അംഗത്വത്തിൽ ഇരട്ടിപ്പുണ്ടാകുന്നതിനെ ചിലർ വിമർശിച്ചു. ഒരേ ആളുകൾ പല പോഷക സംഘടനകളിൽ അംഗത്വമെടുക്കുന്നു. ഇത് തിരഞ്ഞെടുപ്പുകളിൽ വോട്ട് കണക്കുകൾ തെറ്റിക്കുന്നു. പാർട്ടി അംഗത്വം പരിശോധിക്കണം. പാർട്ടിയെപ്പറ്റി ധാരണയില്ലാത്തവർക്ക് അംഗത്വം ലഭിക്കുന്നെന്നും വിമർശനമുണ്ടായി. നേതാക്കൾ സ്വത്തു വെളിപ്പെടുത്തുമെന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗ തീരുമാനം നേതാക്കൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ അംഗങ്ങൾ എന്ന ക്രമത്തിലായിരിക്കും ഇത്.
സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വികസിപ്പിച്ചേക്കും. ചില ഏരിയാ സെക്രട്ടറിമാരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. മറ്റുള്ളവരെ ക്ഷണിതാക്കളാക്കും. ചേർത്തല, കായംകുളം, മാവേലിക്കര ഏരിയ സെക്രട്ടറിമാർ ജില്ലാ കമ്മിറ്റിയിൽ ഇല്ല. ഇവരെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. സെക്രട്ടേറിയറ്റിൽ ഒന്നോ രണ്ടോ പേരെ ഉൾപ്പെടുത്തിയേക്കും.