Drisya TV | Malayalam News

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ 7 ദിവസത്തെ അടിയന്തര സമാധാന പദ്ധതി മുന്നോട്ട് വച്ച് ഇറാൻ 

 Web Desk    25 Sep 2026

അമേരിക്കയുമായുള്ള ഏഴുമാസം നീണ്ട യുദ്ധം അവസാനിപ്പിക്കാനും, അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും, ആണവ ചർച്ചകൾ പുനരാരംഭിക്കാനുമായി 7 ദിവസത്തെ അടിയന്തര സമാധാന പദ്ധതി മുന്നോട്ട് വച്ച് ഇറാൻ. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെ വെള്ളിയാഴ്ചയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് തന്ത്രപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.

ഇറാന്റെ വ്യവസ്ഥകൾ

1.ഏഴ് ദിവസത്തിനുള്ളിൽ ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക സംഘർഷങ്ങളും ശത്രുതയും ഇരുപക്ഷവും പൂർണമായി അവസാനിപ്പിക്കണം

2. അമേരിക്ക മരവിപ്പിച്ചു വച്ചിരിക്കുന്ന ഇറാന്റെ 12 ബില്യൺ ഡോളറിന്റെ ആസ്തികൾ യുഎസ് അടിയന്തരമായി വിട്ടുനൽകണം

3. ഇറാന് മേലുള്ള എണ്ണ ഉപരോധങ്ങളും പേർഷ്യൻ ഗൾഫിലെ നാവിക ഉപരോധങ്ങളും അമേരിക്ക പിൻവലിക്കണം

4.ഈ വ്യവസ്ഥകൾ പാലിച്ച് ഏഴാം ദിവസം ആകുന്നതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായി തുറന്നുകൊടുക്കും. ഇതിന് തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ സമഗ്രമായ ആണവ ചർച്ചകൾ ആരംഭിക്കും.

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപായി കരാർ ഒപ്പിടുന്നതാണ് ഇരുരാജ്യങ്ങൾക്കും നല്ലതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്ക സമ്മതിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വാക്പോര് നടത്തുന്നതിനിടയിലാണ് ഇറാന്റെ സമാധാന നീക്കം. കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോൾ, ഭീഷണികൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്ന് പെസെഷ്കിയാൻ തിരിച്ചടിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News