Drisya TV | Malayalam News

വൈദ്യുതി ഉപയോഗം നിയന്ത്രണം പാലിക്കാൻ നിർദേശം നൽകി വൈദ്യുതി വകുപ്പ്

 Web Desk    25 Sep 2026

കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളടെ പ്രവർത്തനവും വൈദ്യുതി വാഹന ചാർജിങ്ങും പരമാവധി പകൽ സമത്തേക്ക് മാറ്റണമെന്ന് വൈദ്യുതി വകുപ്പ്. അനാവശ്യ വൈദ്യുതി ദീപാലങ്കാരവും പ്രകാശ സംവിധാനവും ഒഴിവാക്കണം. വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഊർജ നിയന്ത്രണ നടപടികൾ കർശനമാക്കാൻ ഊർജ സെക്രട്ടറി നിർദേശം നൽകി.

സെപ്റ്റംബറിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂനിറ്റും പീക്ക് സമയ ആവശ്യകത 5400 മെഗാവാട്ടുമായ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന രാത്രി ഏഴ് മുതൽ 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോഗം സ്വമേധയാ കുറക്കാനും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്തേക്ക് ഉയർന്ന ലോഡുകൾ മാറ്റാനും ഉപഭോക്താക്കൾ സഹകരിക്കണം.

എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രിയിലോ അതിനുമുകളിലോ ക്രമീകരിക്കണം. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി പകൽ സമയങ്ങളിലേക്ക് മാറ്റണം. ഒപ്പം ബി.എൽ.ഡി.സി ഫാനുകൾ ഉൾപ്പെടെ ഊർജക്ഷമ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

ജല അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ സാങ്കേതികമായി സാധ്യമാകുന്നിടത്തോളം പകൽ സമയത്തേക്ക് മാറ്റണം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഊർജം കൂടുതൽ ആവശ്യമുള്ള പ്രവർത്തനങ്ങൾ ഓഫ്ചപീക്ക്/സോളാർ സമയങ്ങളിലേക്ക് പുനഃക്രമീകരിക്കാനും നിർദേശമുണ്ട്. എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ഊർജ സെക്രട്ടറി എം.ജി. രാജമാണിക്യം സർക്കുലറിൽ നിർദേശം നൽകി.

  • Share This Article
Drisya TV | Malayalam News