Drisya TV | Malayalam News

പിരിച്ചുവിട്ടവരെ വീണ്ടും നിയമിക്കാന്‍ ഒരുങ്ങി ആമസോണ്‍

 Web Desk    25 Sep 2026

ടെക് ലോകത്ത് നിന്ന് പിരിച്ചുവിടലിന്റെ വാർത്തകൾക്കിടെ ആഗോള ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോണിൽ നിന്ന് വ്യത്യസ് വാർത്ത. പിരിച്ചുവിട്ടവരെ വീണ്ടും നിയമിക്കാൻ ആമസോൺ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. എഐ, മിഷ്യൻ ലേണിങ് തുടങ്ങിയ മേഖലകളിൽ നിന്ന് പിരിച്ചുവിട്ടവരെ കമ്പനി വീണ്ടും നിയമിക്കാൻ ഒരുങ്ങുന്നുവെന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട്.ആമസോണിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മുൻ ജീവനക്കാരെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്.

ആമസോൺ വെബ് സർവീസസിലെ വൈസ് പ്രസിഡന്റ് സ്വാമി ശിവസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ജീവനക്കാരെയാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഇതിന് പുറമേ ആമസോൺ വെബ് സർവീസിലെ ധനകാര്യ വിഭാഗത്തിലെ ജീവനക്കാരെ തിരിച്ചെടുക്കാനും ആമസോണിന് പദ്ധതിയുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ആമസോൺ 30,000ത്തിലേറെ ജോലികൾ വെട്ടിക്കുറച്ചിരുന്നു. 2025 ഒക്ടോബറിൽ ഏകദേശം 14,000 കോർപ്പറേറ്റ് തസ്തികകൾ ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. തുടർന്ന് 2026 ജനുവരിയിൽ 16,000 തസ്ത‌ികകൾ കൂടി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

ഗൂഗിൾ, മെറ്റ, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുമായി ആമസോണും കൃത്രിമ ബുദ്ധി രംഗത്തെ പ്രതിഭകൾക്കായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് മുൻ ജീവനക്കാരെ വീണ്ടും സമീപിക്കുന്നത്. മുൻ ജീവനക്കാർക്ക് കമ്പനിയുടെ പ്രവർത്തനരീതി, സാങ്കേതിക സംവിധാനങ്ങൾ, ടീമുകൾ എന്നിവയെക്കുറിച്ച് നേരത്തെ തന്നെ പരിചയമുള്ളതിനാൽ അവരെ തിരിച്ചെടുക്കുന്നത് പുതിയ ജീവനക്കാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനേക്കാൾ വേഗത്തിലാകുമെന്നതാണ് ഇതിന് പിന്നിലെ ഒരു കാരണം.

എന്നാൽ ഇത് പിരിച്ചുവിട്ട ജീവനക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയൊരു പദ്ധതിയാണെന്ന വാദം ആമസോൺ തള്ളുന്നു. മുൻ ജീവനക്കാരെ വീണ്ടും നിയമിക്കുന്നത് ആമസോണിലെ ദീർഘകാലമായി തുടരുന്ന സാധാരണ നിയമനരീതിയാണെന്ന് കമ്പനിയുടെ വക്താവ് ഹേലി സിൽവ വ്യക്തമാക്കി. നിലവിലുള്ള ഒഴിവുകളിലേക്ക് കഴിവുള്ള മുൻ ജീവനക്കാരെയും, പിരിച്ചുവിടപ്പെട്ടവരെയും ആവശ്യാനുസരണം പരിഗണിക്കാമെന്നും കമ്പനി അറിയിച്ചു. അതേസമയം, കമ്പനിയുടെ ഓഫീസിൽ നേരിട്ട് എത്തി ജോലി ചെയ്യണമെന്ന നയത്തിലും മാറ്റമില്ലെന്ന് ആമസോൺ വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News