Drisya TV | Malayalam News

കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി റോജി

 Web Desk    20 Sep 2026

കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കോടതി നിർദ്ദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.

വിദ്യാർത്ഥി സംഘടനകൾക്ക് ഈ രേഖ അയച്ച് അവരിൽ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ മാർഗ്ഗനിർദ്ദേശമായി കണക്കാക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവന നടത്തുന്നതിന് മുൻപ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News