Drisya TV | Malayalam News

ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങി

 Web Desk    1 Sep 2026

ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങി. പതിനഞ്ച് വ‍ർഷം കമ്പനിയെ നയിച്ച ശേഷമാണ് മാറ്റം. ഇനി കമ്പനി എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിലാകും പ്രവർത്തനം. കമ്പനിയുടെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ഇന്ന് ചുമതലയേൽക്കും. ഏപ്രിൽ ഇരുപതിനാണ് കമ്പനി നേതൃമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്റ്റീവ് ജോബ്സ് എന്ന ദാർശനികന്റെ പിൻഗാമി. 2011 ആഗസ്റ്റ് 24 മുതൽ 2026 ആഗസ്റ്റ് 31 വരെ നീണ്ട നേതൃകാലം. കമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യത്തെ ലാഭമുണ്ടാക്കും യന്ത്രമാക്കി മാറ്റിയ സിഇഒ ആയാണ് ടി മ്മിനെ ചരിത്രം അടയാളപ്പെടുത്തുക. ബ്രാൻഡ് മൂല്യം ഉയർത്തി, പണമുണ്ടാക്കാൻ പുതിയ വഴികള്‍ കണ്ടെത്തി. ആപ്പിള്‍ വാച്ചും, എയർപോഡുമടക്കം വാണിജ്യ വിജയങ്ങളും മാക് കമ്പ്യൂട്ടറുകള്‍ക്കായി സ്വന്തം നിലയ്ക്ക് ചിപ്പ് നിർമ്മിക്കാനുള്ള തീരുമാനവുമെല്ലാം കമ്പനിക്കുണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ട്രില്യൺ ഡോളർ ഓഹരി മൂല്യത്തിലേക്ക് ആപ്പിളിനെ വളർത്തിയ ടിം പുതിയ റോളിലേക്ക് മാറുമ്പോൾ കടിഞ്ഞാണേറ്റെടുക്കുന്നത് ജോൺ ടെർണസ്. 25 വർഷമായി കമ്പനിക്കൊപ്പമുള്ളയാള്‍. ആപ്പിൾ ഹാർഡ്‍വെയർ എഞ്ചിനിയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് സിഇഒ സ്ഥാനത്തേക്കുള്ള ഉയർച്ച.

ആപ്പിള്‍ സിലിക്കൺ കരുത്തിലെ മാക് വിപ്ലവത്തിന്റെ ക്രെഡിറ്റും ആപ്പിള്‍ വാച്ചിന്റെയും എയർപോഡിന്റെയുമെല്ലാം ചുമതലക്കാരനായ ടെർനസിന് കൂടി അവകാശപ്പെട്ടതാണ്. എഞ്ചിനിയറുടെ തലച്ചോറും പുതുമ തേടുന്ന ആത്മാവുമുള്ളയാള്‍ എന്നാണ് ടിം കുക്ക് തന്റെ പിൻഗാമിയെ വിശേഷിപ്പിച്ചിട്ടുള്ളത്. എഐ വികസനത്തിലേക്ക് കടക്കാൻ വൈകിയെങ്കിലും എഐ കാരണം ഡിമാൻഡ് കൂടി മാക് മിനിയടക്കം ഉത്പന്നങ്ങളുള്ള ആപ്പിളിനെ ഇനി ഏത് ദിശയിലേക്കയാള്‍ നയിക്കുമെന്നാണ് അറിയേണ്ടത്. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന സർപ്രൈസ് ആൻഡ് ഷൈൻ ആപ്പിൾ ഇവന്റ അതിന്റെ ആദ്യ സൂചന നൽകും. നേട്ടങ്ങൾക്കെല്ലാം പിന്നിൽ ആപ്പിൾ ടീം ആയിരുന്നുവെന്ന് പറഞ്ഞ് കത്തെഴുതിയാണ് ടിം കുക്ക് പടിയിറങ്ങിയത്.

  • Share This Article
Drisya TV | Malayalam News