Drisya TV | Malayalam News

ഇന്ത്യ നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ

 Web Desk    29 Aug 2026

നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിന് പിന്നാലെ ഇന്ത്യ നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തിയതിനൊപ്പം പ്രളയത്തിൽ മരിച്ച ഇന്ത്യൻ പൗരന്മാർക്ക് ആദരാഞ്ജലികളും അർപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 26-ന് പെട്ടെന്നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 626 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശനിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രളയക്കെടുതിക്ക് പിന്നാലെ നൽകിയ സഹായങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടുള്ള നന്ദി പൗഡൽ രേഖപ്പെടുത്തി.നേപ്പാൾ സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ, നിങ്ങളുടെ കാരുണ്യപൂർവമായ ഉത്കണ്ഠയ്ക്കും, നേപ്പാളിലുണ്ടായ സമീപകാല ദുരന്തത്തെത്തുടർന്ന് നിങ്ങളുടെ സർക്കാർ നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപദി മുർമുവിന് ഞാൻ ഞങ്ങളുടെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു.' അദ്ദേഹം എക്സിൽ കുറിച്ചു.

ദുരന്തത്തിൽ ഇന്ത്യൻ പൗരന്മാർ മരിച്ചതിലും നേപ്പാൾ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. '2026 ഓഗസ്റ്റ് 26-ലെ ദുരന്തത്തിൽ ഇന്ത്യൻ ജീവനുകൾ നഷ്‌ടപ്പെട്ടതിൽ ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനവും അഗാധമായ സഹതാപവും ഞങ്ങൾ അറിയിക്കുന്നു.' പൗഡൽ മറ്റൊരു പോസ്റ്റിൽ കുറിച്ചു.പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഉദാരമായ സഹായം നൽകുമെന്ന് സൂചന നൽകിയിട്ടുണ്ടെന്ന് നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ വെളിപ്പെടുത്തി. വിനാശകരമായ പ്രളയത്തിന്റെ അനന്തരഫലങ്ങളെ നേരിടുന്ന ഘട്ടത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ദ്രുതപ്രതികരണത്തെയും നേപ്പാൾ പ്രശംസിച്ചു.

  • Share This Article
Drisya TV | Malayalam News