ഉപരിപഠനത്തിനായി കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഫ്രാൻസ്. 2030-ഓടെ രാജ്യത്തെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 30,000 ആയി ഉയർത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ അധിഷ്ഠിതമായ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ.
2024-25 അധ്യയന വർഷത്തിൽ ഫ്രാൻസിൽ ഉന്നതപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 9,100 ആയി ഉയർന്നു. വിദേശ വിദ്യാർത്ഥികളുടെ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്തുനിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയതായാണ് ഫ്രഞ്ച് സർക്കാരിന്റെ ഏജൻസിയായ 'ക്യാമ്പസ് ഫ്രാൻസിൻ്റെ’ കണക്ക്. എക്സ്ചേഞ്ച് പ്രോഗ്രാമുകളും ചുരുങ്ങിയ കാലയളവിലുള്ള കോഴ്സുകളും ഉൾപ്പെടെ 12,000-ത്തോളം ഇന്ത്യൻ വിദ്യാർഥികൾ നിലവിൽ ഫ്രാൻസിലുണ്ട്.
അനിമേഷൻ, വിഎഫ്എക്സ്, ഗെയിമിങ്, കോമിക്സ് തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഡെസിബെൽ' എന്ന പ്രത്യേക പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യൻ ക്രിയേറ്റർമാർക്ക് ഫ്രഞ്ച് വിദഗ്ദ്ധരിൽ നിന്ന് പരിശീലനവും അന്താരാഷ്ട്ര അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 24 ഇന്ത്യൻ കലാകാരന്മാർ സാഹിത്യ ക്ലാസിക്കുകളെ ഗ്രാഫിക് നോവലുകളാക്കി മാറ്റുന്ന 'ഇന്ത്യാ കോമിക്സ് പ്രോജക്ടിൽ' പങ്കാളികളാകും.