Drisya TV | Malayalam News

സിഎൻജിയിൽ ബയോഗ്യാസ് പരീക്ഷണം നടത്തുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ

 Web Desk    9 Aug 2026

സിഎൻജിയിൽ പുതിയ പരീക്ഷണം നടത്തുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം വർധിപ്പിക്കുന്നതിനായി 23,731 കോടി രൂപയുടെ ഗോബർ ധൻ (ഗാൽവനൈസിങ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധൻ) പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലീൻ മൊബിലിറ്റി എന്ന ആശയം യാഥാർഥ്യമാക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന സിഎൻജിയിലും ഗാർഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പിഎൻജിയിലും ഘട്ടംഘട്ടമായി കംപ്രസ്ഡ് ബയോ ഗ്യാസ് കലർത്താനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്. 2026-27 സാമ്പത്തിക വർഷത്തിൽ സിഎൻജിയിൽ മൂന്ന് ശതമാനവും 2027-28 സാമ്പത്തിക വർഷത്തിൽ നാല് ശതമാനവും 2028-29 സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനവും ബയോഗ്യാസ് കലർത്താനാണ് പദ്ധതി.

രാസഘടനയിൽ ബയോഗ്യാസും സിഎൻജിയും ഏകദേശം സമാനമായതിനാൽ തന്നെ ഈ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിന് വാഹനങ്ങളിൽ ഹാർഡ്‌വെയർ സംബന്ധമായ മാറ്റങ്ങൾ വരുത്തേണ്ടി വരില്ലെന്നാണ് കരുതുന്നത്. എന്നാൽ, എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ E20 കോംപാറ്റബിൾ ആക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.

2027 സാമ്പത്തിക വർഷം മുതൽ 2036 സാമ്പത്തിക വർഷംവരെ നീളുന്നതാണ് ഗോബർധൻ പദ്ധതി. രാജ്യത്തെ സിബിജി ഉത്പാദനം പത്തിരട്ടിയായി വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ ക്ലീൻ എനർജി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News